ധര്‍മശാല: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് നേടി ബോര്‍ഡര്‍ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ തിരിച്ചുപിടിച്ചു.
പരമ്പരയിലെ നിര്‍ണായകമായ അവസാന ടെസ്റ്റില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ തകര്‍ത്തത്. കെ.എല്‍.രാഹുലിന്റെ അര്‍ധ സെഞ്ചുറിയും അജിങ്ക്യ രഹാനെയുടെ വെടിക്കെട്ട് ബാറ്റിംഗുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.
30 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 137 റണ്‍സിനു എല്ലാവരും പുറത്തായിരുന്നു. അങ്ങനെ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 107 റണ്‍സ് എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് രണ്ടു വിക്കറ്റുകള്‍ മാത്രമാണ് നഷ്ടമായത്. തകര്‍ത്തടിച്ച ലോകേഷ് രാഹുലിനു കൂട്ടായി രഹാനെ ഒരറ്റത്ത് ഉറച്ചുനിന്നു.
ഓപ്പണര്‍ മുരളി വിജയെ തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് നഷ്ടമായി. 8 റണ്‍സെടുത്ത വിജയിയെ കമ്മിന്‍സിന്റെ പന്തില്‍ മാത്യു വേഡ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. റണ്ണൊന്നുമെടുക്കാതെ ചേതേശ്വര്‍ പുജാര റണ്ണൗട്ടായി. ലോകേഷ് രാഹുല്‍ 51 റണ്‍സുമായും രഹാനെ 38 റണ്‍സുമായും പുറത്താകാതെ നിന്നു.
ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസീസ് ഒന്നാം ഇന്നിംഗ്‌സില്‍ 300 റണ്‍സിനു എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗിനു ഇറങ്ങിയ ഇന്ത്യ 332 റണ്‍സിനു എല്ലാവരും പുറത്തായി. രണ്ടാം ഇന്നിംഗ്‌സില്‍ 32 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി ബാറ്റ് ചെയ്ത ഓസീസ് ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിനു മുന്നില്‍ തകര്‍ന്നടിഞ്ഞു. ഉമേഷ് യാദവിന്റെയും രവീന്ദ്ര ജഡേജയുടെയും ആര്‍.അശ്വിന്റെയും പന്തുകള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഓസ്‌ട്രേലിയക്കായില്ല. മൂവരും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി.
45 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്‍ മാത്രമാണ് ഓസീസ് നിരയില്‍ പിടിച്ചുനിന്നത്.