മുംബൈ: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കനത്ത പരാജയം.10 വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ തോല്‍പ്പിച്ചത്. 256 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് ഇന്ത്യക്കെതിരെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പിന്തുടര്‍ന്ന് 10 വിക്കറ്റിന്റെ മിന്നുന്ന ജയം സ്വന്തമാക്കി. മിന്നുന്ന സെഞ്ചുറികളുമായി നിറഞ്ഞാടിയ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചുമാണ് ഇന്ത്യയെ തകര്‍ത്തെറിഞ്ഞത്.
112 പന്തില്‍ നിന്ന 17 ഫോറുകളുടേയും മൂന്ന് സികസ്റുകളുടേയും അകമ്പടിയില്‍ വാര്‍ണര്‍ 128 റണ്ണടിച്ചപ്പോള്‍ 114 പന്തില്‍ 13 ഫോറുകളും രണ്ട് സിക്‌സറുകളും തൊങ്ങല്‍ ചാര്‍ത്തി ഫിഞ്ച് നേടിയത് 110 റണ്‍സ്.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ 255-ന് എല്ലാവരും പുറത്താകുകയായിരുന്നു.ഓപ്പണര്‍ ശിഖര്‍ ധവാന് മാത്രമാണ് കാര്യമായ പ്രകടനം കാഴ്ച വെക്കാനായത്. 91 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്സും ഉള്‍പ്പെടെയാണ് ധവാന്‍ 74 റണ്‍സെടുത്തത്. കരിയറിലെ 28ാം അര്‍ധ സെഞ്ച്വറിയാണ് താരം നേടിയത്.
47 റണ്‍സുമായി കെ.എല്‍.രാഹുലും, 28 റണ്‍സുമായി പന്തും 25 റണ്‍സുമായി ജഡേജയും ധവാന് മികച്ച പിന്തുണ നല്‍കി.
രോഹിത് ശര്‍മ (10), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (16), ശ്രേയസ് അയ്യര്‍ (നാല്) എന്നിവരാണ് വന്നപോലെ മടങ്ങിയത്. വാലറ്റത്ത് ചെറുത്തു നിന്ന കുല്‍ദീപ് 17 റണ്‍സും മുഹമ്മദ് ഷമി 10 റണ്‍സും നേടി.