പെരുമയ്‌ക്കൊത്ത പ്രകടനമല്ല ആ താരത്തില്‍ നിന്ന് ഉണ്ടാകുന്നത്; വിമര്‍ശനവുമായി ഗാംഗുലി

മെല്‍ബണ്‍: കളിക്കളത്തില്‍ നിന്ന് തുടര്‍ച്ചയായി പരിക്ക് പറ്റി പിന്മാറുന്ന ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിനെക്കുറിച്ച് ആശങ്ക പങ്കുവെച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി.

‘അശ്വിന്റെ കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ട്. വലിയ പരമ്പരകളില്‍ തുടര്‍ച്ചയായി പരിക്കേറ്റാല്‍ അശ്വിന് ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നറെന്ന സ്ഥാനത്ത് ഇരിക്കാനാവില്ല. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ഇപ്പോഴിതാ ഓസ്‌ട്രേലിയയിലും പരമ്പരക്കിടെ അശ്വിന് പരിക്കേറ്റു. ഇടം കൈയന്‍മാര്‍ക്കെതിരെ പന്തെറിയാന്‍ അശ്വിന്റെ സേവനം ടീമിന് ആവശ്യമുണ്ട്. എന്നാല്‍ പെരുമയ്‌ക്കൊത്ത പ്രകടനമല്ല അശ്വിനില്‍ നിന്നുണ്ടാവുന്നത്’- ഗാംഗുലി പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ കളിച്ച അശ്വിന് പരിക്കിനെത്തുടര്‍ന്ന് അടുത്ത രണ്ട് ടെസ്റ്റുകളിലും കളിക്കാനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഗാംഗുലിയുടെ വിമര്‍ശനം. ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ കോളത്തിലാണ് ഗാംഗുലി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Top