ഏഷ്യന്‍ ക്രിക്കറ്റ് ചാമ്പ്യന്മാരെ ഇന്നറിയാം; ഇന്ത്യയും ബംഗ്ലാദേശും നേര്‍ക്കുനേര്‍

അബുദാബി: ആവേശം നിറഞ്ഞ ഏഷ്യാ കപ്പ് ഫൈനല്‍ ഇന്ന്. ഏഴാം തവണ കിരീടത്തിന് കച്ചമുറുക്കി ഇന്ത്യയും മൂന്നാം ഫൈനലിലെങ്കിലും കിരീടത്തില്‍ ആദ്യ മുത്തമിടാന്‍ ഭാഗ്യം തേടി ബംഗ്ലദേശും ഇന്നു പോരാട്ടത്തിനിറങ്ങുന്നു. ഇന്ത്യ പാക്ക് ഫൈനല്‍ സാധ്യത ഇല്ലാതാക്കിയ ബംഗ്ലദേശ് ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തും. പാക്കിസ്ഥാനെ 37 റണ്‍സിനാണു ബംഗ്ലദേശ് വീഴ്ത്തിയത്.

ഇത്തവണത്തെ ടൂര്‍ണമെന്റില്‍ പരാജയമറിയാതെയാണ് ഇന്ത്യയുടെ കുതിപ്പ്. ക്യാപ്റ്റനും സൂപ്പര്‍ താരവുമായ വിരാട് കോഹ്‌ലി കളിക്കാത്ത ടൂര്‍ണമെന്റില്‍ കിരീടം നേടി കരുത്തുകാട്ടാനാണ് ഇന്ത്യയുടെ ശ്രമം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ 41 എന്ന നാണക്കേട് മറക്കാനും ഇവിടെ കിരീടനേട്ടം അനിവാര്യമാണ്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (269 റണ്‍സ്) ശിഖര്‍ ധവാന്‍ (327 റണ്‍സ്) എന്നിവര്‍ മിന്നുന്ന ഫോമിലാണ് എന്നുള്ളത് ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നു.

പരുക്കാണ് ബംഗ്ലദേശിന് പ്രശ്‌നമാകുന്നത്. സൂപ്പര്‍ താരങ്ങളായ ഓപ്പണര്‍ തമിം ഇക്ബാലും, ഓള്‍റൗണ്ടര്‍ ഷക്കിബ് അല്‍ ഹസനും പരുക്കുമൂലം കളിക്കാനാകില്ല. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ മുഷ്ഫിഖുറിന്റെയും (99) മുഹമ്മദ് മിഥുന്റെയും (60) ബാറ്റിങ് മികവില്‍ ബംഗ്ലദേശ് 240 റണ്‍സിന്റെ വിജയലക്ഷ്യമാണ് പാക്കിസ്ഥാന് നല്‍കിയത്. 12ന് മൂന്ന് എന്ന ദയനീയ നിലയില്‍നിന്ന് 144 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇവര്‍ ടീമിനെ രക്ഷിക്കുകയായിരുന്നു.

Top