കൊളംബോ: ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്കു 140 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് നേടി. 34 റണ്‍സ് നേടിയ ലിട്ടണ്‍ ദാസാണ് ബംഗ്ലാദേശ് ടോപ് സ്‌കോറര്‍.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയച്ചു. എന്നാല്‍ തുടക്കം മുതല്‍ തുടര്‍ച്ചയായ ഇടവേളകളില്‍ ബംഗ്ലാദേശിനു വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു കഴിഞ്ഞില്ല. എന്നിരുന്നാലും ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ട നിരവധി ക്യാച്ചുകള്‍ ബംഗ്ലാദേശിനെ തുണച്ചു.
ലിട്ടണ്‍ ദാസിനു പുറമേ തമിം ഇഖ്ബാല്‍(15), സൗമ്യ സര്‍ക്കാര്‍(14), മുഷ്ഫിഖര്‍ റഹിം(18), മഹമ്മദുള്ള(1), സാബിര്‍ റഹ്മാന്‍(30), മെഹ്ദി ഹസന്‍(3), റൂബല്‍ ഹുസൈന്‍(0) എന്നിവരാണ് പുറത്തായ ബംഗ്ലാ ബാറ്റ്‌സ്മാന്‍മാര്‍.
ഇന്ത്യയ്ക്കായി ജയദേവ് ഉനാദ്ഘട് മൂന്നും വിജയ് ശങ്കര്‍ രണ്ടും ശര്‍ദുള്‍ താക്കുര്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 15 റണ്‍സാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ എക്‌സ്ട്രായായി വിട്ടുനല്‍കിയത്.