നിരാശനായി സുന്ദര്‍; ഇന്ത്യയ്ക്ക് 160 റണ്‍സ് ലീഡ്

അഹമ്മദാബാദ്: രാജ്യാന്തര ടെസ്റ്റ് കരിയറിലെ കന്നി സെഞ്ചുറിയെന്ന നേട്ടം ഇഞ്ചുകളുടെ വ്യത്യാസത്തില്‍ വാഷിങ്ടന്‍ സുന്ദറെന്ന യുവതാരത്തിന് നഷ്ടമാകുമ്പോള്‍, ഇന്ത്യന്‍ ടീമിലെ സഹതാരങ്ങള്‍ തീര്‍ച്ചയായും ഇങ്ങനെ പറയുന്നുണ്ടാകും. കൂട്ടുനില്‍ക്കാനാളില്ലാതെ പോയതോടെ കന്നി  സെഞ്ചുറിയെന്ന സ്വപ്നം പടിക്കല്‍ വീണുടഞ്ഞെങ്കിലും സുന്ദറിന്റെ പോരാട്ടം പാഴാകുന്നില്ല. 174 പന്തില്‍ 10 ഫോറും ഒരു സിക്‌സും സഹിതം 96 റണ്‍സുമായി പുറത്താകാതെ നിന്ന സുന്ദറിന്റെ സുന്ദരന്‍ ഇന്നിങ്‌സ് ഇന്ത്യയ്ക്ക് സമ്മാനിച്ചത് ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ 160 റണ്‍സിന്റെ നിര്‍ണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡ്.

ഇംഗ്ലണ്ടിന്റെ 205 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റു ചെയ്ത ഇന്ത്യ 114.4 ഓവറിലാണ് 365 റണ്‍സെടുത്തത്. ഇന്ത്യന്‍ സ്‌കോര്‍ 365ല്‍ നില്‍ക്കെ അക്ഷര്‍ പട്ടേല്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ് എന്നിവര്‍ തുടരെത്തുടരെ പുറത്തായതോടെയാണ് സുന്ദറിന് സെഞ്ചുറി നഷ്ടമായത്. അക്ഷര്‍ പട്ടേല്‍ 97 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 43 റണ്‍സെടുത്തു.

എട്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത വാഷിങ്ടന്‍ സുന്ദര്‍ – അക്ഷര്‍ പട്ടേല്‍ സഖ്യമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ പോരാട്ടം ഏറ്റെടുത്ത ഇരുവരും ടീമിന് നേട്ടമുണ്ടാക്കിയെങ്കിലും, വ്യക്തിഗത നേട്ടങ്ങളുടെ വക്കില്‍ വീണുപോയി.

ടെസ്റ്റിലെ കന്നി അര്‍ധസെഞ്ചുറിക്ക് അരികെ അക്ഷര്‍ പട്ടേല്‍ റണ്ണൗട്ടായതാണ് നിര്‍ണായകമായത്. അക്ഷര്‍ പുറത്തായശേഷമെത്തിയ ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ് എന്നിവരെ പൂജ്യത്തിന് പുറത്താക്കിയ ബെന്‍ സ്റ്റോക്‌സാണ് സുന്ദറിന്റെ സെഞഞ്ചുറി മോഹം തല്ലിക്കെടുത്തിയത്. 115-ാം ഓവറിലെ ആദ്യ പന്തില്‍ ഇഷാന്തിനെ എല്‍ബിയില്‍ കുരുക്കിയ സ്റ്റോക്‌സ്, നാലാം പന്തില്‍ മുഹമ്മദ് സിറാജിനെ ബൗള്‍ഡാക്കി.

 

Top