ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 286 റൺസിന് ഓൾഔട്ടായി. 481 റൺസിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്. ആർ അശ്വിന്റെ സെഞ്ചുറി പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. 134 പന്തുകളിൽ നിന്നും 14 ഫോറുകളും ഒരു സിക്സുമടക്കമാണ് അശ്വിൻ സെഞ്ചുറി നേടിയത്. താരത്തിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണിത്.
107 പന്തുകളില്‍ നിന്നും ഏഴ് ബൗണ്ടറികളുടെ സഹായത്തോടെ കോലി അര്‍ധ സെഞ്ചുറിയും നേടി. കോലിയുടെ ടെസ്റ്റിലെ 27-ാം അര്‍ധസെഞ്ചുറിയാണിത്. 106 ന് ആറ് എന്ന നിലയില്‍ നിന്നും ഒത്തുചേര്‍ന്ന ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 202 റണ്‍സിലെത്തിച്ചു.
സ്കോർ 106-ൽ നിൽക്കെ ഏഴ് റൺസെടുത്ത അക്ഷർ പട്ടേലിനെ പുറത്താക്കി മോയിൻ അലി ഇന്ത്യയുടെ ആറാം വിക്കറ്റ് പിഴുതു. താരത്തെ അലി വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. മോയിൻ അലിയുടെ പന്തിൽ ഒലി പോപ്പ് പിടിച്ച് അജിങ്ക്യ രഹാനെയും(10) പുറത്തായി. എട്ട് റണ്‍സെടുത്ത ഋഷഭ് പന്തിനെ ജാക്ക് ലീച്ചിന്റെ പന്തില്‍ ഫോക്‌സ് സ്റ്റംപ് ചെയ്ത് പുറത്താക്കി.
അനാവശ്യ ഷോട്ട് കളിച്ചാണ് പന്ത് പുറത്തായത്. ആദ്യ ഓവറുകളില്‍ തന്നെ വിശ്വസ്തരായ രോഹിത് ശര്‍മയും ചേതേശ്വര്‍ പൂജാരയും ഔട്ടായി മടങ്ങിയിരുന്നു. ജാക്ക് ലീച്ചിന്റെ പന്തില്‍ ഫോക്‌സ് സ്റ്റംപ് ചെയ്താണ് രോഹിത് പുറത്തായത്. ഏഴു റൺസെടുത്ത പൂജാരയെ ഒലി പോപ്പ് റൺ ഔട്ടാക്കി.