ചെന്നൈ: ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ ഒന്നാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യദിനം കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സ് എന്ന നിലയിൽ. സെഞ്ചുറി നേടിയ നായകന്‍ ജോ റൂട്ടിന്റെയും അർധസെഞ്ചുറി നേടിയ ഓപ്പണര്‍ ഡോം സിബ്ലിയുടെയും തകര്‍പ്പന്‍ ബാറ്റിങിന്റെ മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ പടുത്തുയർത്തിയത്. 197 പന്തുകളില്‍നിന്നു 14 ബൗണ്ടറികളുടെ സഹായത്തോടെ 128 റണ്‍സെടുത്ത ജോ റൂട്ട് പുറത്താവാതെ നില്‍ക്കുന്നു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനായി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ റോറി ബേണ്‍സും ഡോം സിബ്ലിയും ചേര്‍ന്ന് നല്‍കിയത്. ഇന്ത്യന്‍ ബൗളര്‍മാരെ ക്ഷമയോടെ നേരിട്ട ഇരുവരും ആദ്യ വിക്കറ്റില്‍ 63 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍, ഈ കൂട്ടുകെട്ട് പൊളിച്ച് ആര്‍.അശ്വിന്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ സമ്മാനിച്ചു. സ്‌കോര്‍ 63-ല്‍ നില്‍ക്കെ 33 റണ്‍സെടുത്ത ഓപ്പണര്‍ റോറി ബേണ്‍സിനെയാണ് അശ്വിന്‍ പുറത്താക്കിയത്. ഓപ്പണര്‍ ഡോം സിബ്ലിയ്‌ക്കൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ബേണ്‍സിനെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്താണ് പുറത്താക്കിയത്.
തൊട്ടുപിന്നാലെ ക്രീസിലെത്തിയ ഡാന്‍ ലോറന്‍സിനെ റണ്‍സ് എടുക്കുന്നതിനു മുൻപ് തന്നെ ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ ഇംഗ്ലണ്ട് 63-ന് പൂജ്യം എന്ന നിലയില്‍ നിന്നും 63-ന് രണ്ട് എന്ന നിലയിലേക്ക് വീണു. തുടർന്ന് ക്രീസിലെത്തിയ നായകന്‍ ജോ റൂട്ട് സിബ്ലിയ്‌ക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇതിനിടെ 60 പന്തുകളില്‍ നിന്നും ഏഴ് ബൗണ്ടറികളുടെ സഹായത്തോടെ സിബ്ലി അര്‍ധശതകം നേടി. റൂട്ടും സിബ്ലിയും ചേര്‍ന്ന് സ്‌കോര്‍ 250 കടത്തിയപ്പോൾ അവസാന ഓവറില്‍ ഡോം സിബ്ലിയെ പുറത്താക്കി ബുംറ ഇന്ത്യയ്ക്ക് നേരിയ ആശ്വാസം നൽകി.