ടി20 ലോകകപ്പിനു മുന്നോടി ആയി നടന്ന സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ. 7 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 189 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ശേഷിക്കെ 3 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
70 റണ്‍സെടുത്ത ഇഷാന്‍ കിഷന്‍ ആണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ലോകേഷ് രാഹുല്‍ 51 റണ്‍സെടുത്തു. ഗംഭീര തുടക്കമാണ് ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും ലോകേഷ് രാഹുലും ചേര്‍ന്ന് ഇന്ത്യക്ക് നല്‍കിയത്. ഇഷാന്‍ ടൈമിങ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ആദ്യ ഓവറുകളില്‍ സ്‌ട്രോക്ക് പ്ലേയുടെ എക്‌സിബിഷന്‍ കാഴ്ചവച്ച രാഹുല്‍ ഇന്ത്യയെ മുന്നോട്ടുനയിച്ചു. അനായാസം ബൗണ്ടറി ക്ലിയര്‍ ചെയ്ത രാഹുല്‍ ഒരു ബൗളറെയും വെറുതെവിട്ടില്ല. വെറും 23 പന്തുകളില്‍ 6 ബൗണ്ടറികളുടെയുടെയും മൂന്ന് സിക്‌സറുകളുടെയും അകമ്പടിയോടെ രാഹുല്‍ ഫിഫ്റ്റി തികച്ചു. തൊട്ടടുത്ത പന്തില്‍ രാഹുല്‍ പുറത്തായി. മാര്‍ക്ക് വുഡ് ആണ് ഇംഗ്ലണ്ടിന് ബ്രേക്ക്ത്രൂ നല്‍കിയത്. 9-ാം ഓവറില്‍ മൊയീന്‍ അലി ക്യാച്ച് ചെയ്ത് പുറത്താവുമ്പോള്‍ ഇഷാനൊപ്പം 85 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്.
രാഹുല്‍ പുറത്തായതിനു ശേഷം ഇഷാന്റെ വിളയാട്ടമായിരുന്നു. ആദില്‍ റഷീദ് എറിഞ്ഞ ഓവറില്‍ രണ്ട് ബൗണ്ടറിയും രണ്ട് സിക്‌സറുമാണ് ഇഷാന്‍ അടിച്ചത്. 36 പന്തില്‍ കിഷന്‍ ഫിഫ്റ്റി തികച്ചു. കോലി (11) വേഗം പുറത്തായി. ലിയാം ലിവിങ്സ്റ്റണ്‍ ആണ് ഇന്ത്യന്‍ ക്യാപ്റ്റനെ മടക്കി അയച്ചത്.
നാലാം നമ്പറിലെത്തിയ ഋഷഭ് പന്ത് തകര്‍പ്പന്‍ ഫോമിലായിരുന്നു. ഇതിനോടൊപ്പം കിഷനും ഇടതടവില്ലാതെ ബൗണ്ടറികള്‍ കണ്ടെത്തിയതോടെ ഇന്ത്യ അനായാസം കുതിച്ചു. 46 പന്തുകളില്‍ 70 റണ്‍സെടുത്ത കിഷന്‍ റിട്ടയര്‍ഡ് ഹര്‍ട്ട് ആയി സൂര്യകുമാറിന് അവസരം നല്‍കി. എന്നാല്‍ 8 റണ്‍സ് മാത്രമെടുത്ത സൂര്യകുമാര്‍ യാദവ് ഡേവിഡ് വില്ലിയുടെ ഇരയായി മടങ്ങി.
പിന്നാലെയെത്തിയ ഹര്‍ദ്ദിക് പാണ്ഡ്യ ചില ബൗണ്ടറികളോടെ മികച്ച പ്രകടനം നടത്തി. എങ്കിലും ടൈമിങ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയത് ഇന്ത്യക്ക് ആശങ്കയാണ്. 19-ാം ഓവറിലെ അവസാന പന്തില്‍ സിക്‌സറടിച്ച ഋഷഭ് പന്ത് ആണ് ഇന്ത്യയുടെ വിജയ റണ്‍ നേടിയത്. ക്രിസ് ജോര്‍ഡന്‍ എറിഞ്ഞ ഓവറില്‍ രണ്ട് നോബോള്‍, മൂന്ന് ബൗണ്ടറികള്‍, ഒരു സിക്‌സര്‍ എന്നിവ അടക്കം 23 റണ്‍സാണ് ഇന്ത്യ നേടിയത്. പന്ത് (29), പാണ്ഡ്യ (12) എന്നിവര്‍ പുറത്താവാതെ നിന്നു.