ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിച്ച് ഇന്ത്യന്‍ പേസര്‍മാര്‍; സാം കരന്റെ മിടുക്കില്‍ 246 റണ്‍സ്‌

സതാംപ്ടണ്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 246 റണ്‍സിനു പുറത്ത്.

തകര്‍ച്ചയുടെ വക്കിലെത്തിയ ഇംഗ്ലണ്ടിനെ സാം കരന്‍ (78) ഭേദപ്പെട്ട സ്‌കോറിലെത്തിക്കുകയായിരുന്നു. സാം കരനും മോയിന്‍ അലിയും (40) ഏഴാം വിക്കറ്റില്‍ നേടിയ 81 റണ്‍സാണ് ഇംഗ്ലണ്ടിനെ ആശ്വാസകരമായ സ്‌കോറില്‍ എത്തിച്ചത്. എട്ടാമനായി ക്രീസിലെത്തിയ കരന്‍ എട്ട് ഫോറും ഒരു സിക്‌സറും നേടി. 136 പന്തുകള്‍ നേരിട്ട് ക്രീസില്‍ നിലയുറപ്പിച്ച കരന്‍ അവസാനക്കാരനായി അശ്വിന് വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്.

ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ ഓപ്പണിംഗ് പേസര്‍മാരായ ജസ്പ്രീത് ബുംറയും ഇഷാന്ത് ശര്‍മയും മികച്ച പ്രകടനം പുറത്തെടുത്തു. മൂന്നാം ഓവറില്‍ റണ്ണൊന്നുമെടുക്കാത്ത കീറ്റണ്‍ ജെന്നിംഗ്‌സിനെ ബുംറ പുറത്താക്കി. ഇന്ത്യന്‍ പേസര്‍മാരെ നേരിടാന്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ ബുദ്ധിമുട്ടിക്കൊണ്ടിരുന്നു.

വൈകാതെതന്നെ നായകന്‍ ജോ റൂട്ടിനെ (4) ഇഷാന്ത് പുറത്താക്കി. അലിസ്റ്റര്‍ കുക്കിനു കൂട്ടായി ജോണി ബെയര്‍‌സ്റ്റോയെത്തി. എന്നാല്‍ ഈ കൂട്ടുകെട്ടിനും അധികം മുന്നോട്ടു പോകാനായില്ല. ബെയര്‍‌സ്റ്റോയെ (6)ബുംറ വിക്കറ്റ്കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. നാലോവര്‍ കൂടി പിടിച്ചുനിന്ന ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിനെ (17) വിരാട് കൊഹ്ലി മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കി. ഹര്‍ദിക് പാണ്ഡ്യക്കായിരുന്നു വിക്കറ്റ്.

പിന്നീടൊരുമിച്ച ജോസ് ബട്ലറും ബെന്‍ സ്റ്റോക്‌സും ചേര്‍ന്ന് ഇന്ത്യ ബൗളര്‍മാര്‍ക്കെതിരേ ആധിപത്യം നേടുമെന്നു തോന്നിച്ചെങ്കിലും മുഹമ്മദ് ഷാമിയുടെ പന്തില്‍ ബട്ലര്‍ കൊഹ്ലിയു കൈകളില്‍ സുരക്ഷിതമായെത്തി. അപ്പോള്‍ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ബോര്‍ഡില്‍ 69 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയായിരുന്നു.

ഇംഗ്ലീഷ് സ്‌കോര്‍ നൂറു കടക്കും മുമ്പ് ആറാമത്തെ വിക്കറ്റും നിലംപൊത്തി. മോയിന്‍ അലിക്കൊപ്പം ചെറിയൊരു കൂട്ടുകെട്ടിനുശേഷം സ്റ്റോക്‌സിനെ (23) ഷാമി കൂടാരം കയറ്റി.

പിന്നീട്, വന്‍ തകര്‍ച്ച നേരിടുമെന്നു തോന്നിയ ഇംഗ്ലണ്ടിന്റെ രക്ഷകരായി മോയിന്‍ അലിയും സാം കരനുമാറി. അപകടകരമായി നീങ്ങിയ ഈ സഖ്യത്തെ അശ്വിന്‍ തകര്‍ത്തെറിഞ്ഞു. അലിയായിരുന്നു (40) അശ്വിന്റെ ഇര. വൈകാതെ തന്നെ ആദില്‍ റഷീദും (6) പുറത്തായി.

മറുപടി ബാറ്റിംഗിനു ഇറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 19 റണ്‍സെടുത്തു. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ശിഖര്‍ ധവാനും (3) കെ.എല്‍ രാഹുലും (11) ക്രീസിലുണ്ട്.

Top