സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ നേപ്പാളിനെതിരെ ഇന്ത്യക്ക് വിജയം

മുംബൈ: നേപ്പാളിനെതിരായ സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. എതിരില്ലാത്ത രണ്ടു ഗോളിനാണ് ഇന്ത്യ നേപ്പാളിനെ തോല്‍പ്പിച്ചത്.

ഇന്ത്യയുടെ പ്രധാന സ്ട്രൈക്കര്‍മാരായ സി.കെ വിനീതും സുനില്‍ ഛേത്രിയും കളിക്കാനില്ലായിരുന്നു. സന്ദേശ് ജിങ്കനും ജെജെ ലാല്‍പെഖുലയും ആണ് ഇന്ത്യക്കായി ഗോള്‍ കണ്ടെത്തിയത്.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 60-ാം മിനിറ്റില്‍ പ്രതിരോധ താരമായ സന്ദേശ് ജിങ്കന്‍ ഇന്ത്യയെ മുന്നിലെത്തിക്കുകയായിരുന്നു. പിന്നീട് 78-ാം മിനിറ്റില്‍ ജെജെയിലൂടെ ഇന്ത്യ വിജയമുറപ്പിച്ച ഗോള്‍ നേടി.

4-1-3-2 ശൈലിയിലാണ് സ്റ്റീഫന്‍ കോണ്‍സ്റ്റെന്റെയ്ന്‍ ഇന്ത്യന്‍ ടീമിനെ അണിനിരത്തിയത്. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ്ങിനെ ക്യാപ്റ്റനാക്കി മധ്യനിരയില്‍ യൂജിസണ്‍ ലിങ്ദോക്ക് പകരം മുഹമ്മദ് റഫീഖിന് അവസരം നല്‍കി. റോബിന്‍ സിങ്ങും ജെജെയുമാണ് ഇന്ത്യന്‍ മുന്നേറ്റം നയിച്ചത്.

നിലവില്‍ നേപ്പാളിനെതിരെ കളിച്ച 19 മത്സരങ്ങളില്‍ പതിമൂന്നിലും വിജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. എ.എഫ്.സി. കപ്പില്‍ കിര്‍ഗിസ്താനെതിരെയുള്ള മത്സരത്തിന് മുന്നോടിയായിട്ടാണ് സൗഹൃദമത്സരം സംഘടിപ്പിച്ചത്.

Top