റായ്പൂർ: ഇന്ത്യ- ന്യുസീലൻഡ് രണ്ടാം ഏകദിനം ഇന്ന് റായ്പൂരിൽ നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം ആരംഭിക്കുക. ശ്രീലങ്കയ്ക്ക് പിന്നാലെ ന്യൂസിലൻഡിനെതിരെയും ഏകദിന പരമ്പര സ്വന്തമാക്കാൻ രോഹിച് ശർമയും സംഘവും ഒരുങ്ങുന്നത്. ഹൈദരാബാദിൽ 12 റൺസിന് തോറ്റ കിവീസിന് പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യം. ഇരട്ടസെഞ്ചുറി തിളക്കത്തിലാണ് ഓപ്പണർ ശുഭ്മാൻ ഗിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കൊപ്പം റായ്പൂരിൽ ക്രീസിലെത്തുക.
ബാറ്റിംഗ് നിരയിൽ മാറ്റത്തിന് സാധ്യതയില്ല. വിരാട് കോലി, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പണ്ഡ്യ എന്നിവർ പിന്നാലെയെത്തും. ബൗളിംഗ് നിരയിൽ മാറ്റമുണ്ടായേക്കാം. മുഹമ്മദ് സിറാജിന്റെ സ്ഥിരതയാർന്ന പ്രകടനം ഇന്ത്യക്ക് ആശ്വാസം. കെയ്ൻ വില്യംസണിന്റെ അഭാവത്തിൽ കിവീസിനെ നയിക്കുന്ന ടോം ലാഥത്തിന്റെ മുൻനിര ബാറ്റർമാരുടെ പരാജയമാണ്. പേസർമാരായ ട്രന്റ് ബോൾട്ട്, ആഡം മിൽനെ, മാറ്റ് ഹെന്റി എന്നിവരുടെ അഭാവം മറികടക്കുകയും വേണം.
മുനിര വീണിട്ടും ഹൈദരാബാദിൽ മൈക്കൽ ബ്രെയ്‌സ്‌വെല്ലും മിച്ചൽ സാന്റ്നറും നടത്തിയപോരാട്ടം കിവീസിന് ആത്മവിശ്വാസം നൽകുന്നു.ഈ വർഷത്തെ ലോകകപ്പിന് ഒരുങ്ങുകയാണ് ഇരുടീമുകളുടേയും ലക്ഷ്യം. റായ്പൂർ വേദിയാവുന്ന ആദ്യ ഏകദിനത്തിന്റെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റേഡിയത്തിൽ അറുപത്തി അയ്യായിരം പേർക്ക് കളികാണാം.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രജത് പടിദാർ, ഷഹബാസ് അഹമ്മദ്, ശ്രീകർ ഭരത്, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് ഷമി, യൂസ്‌വേന്ദ്ര ചാഹൽ, ഉമ്രാൻ മാലിക്ക്.