ന്യൂസിലാന്റിനെതിരായ ഒന്നാം ടെസ്റ്റ് വ്യാഴാഴ്ച മുതൽ; പ്രതികാരത്തിന് ഇന്ത്യ

കാൺപുർ: ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെ തോൽവിക്കു പ്രതികാരം ചെയ്യാനുറച്ച് ടീം ഇന്ത്യ. ട്വന്റി20 ലോകകപ്പിൽ അവരോടേറ്റ തോൽവിക്ക് തൊട്ടുപിന്നാലെ നടന്ന ട്വന്റി20 പരമ്പര തൂത്തുവാരി പകരം വീട്ടിയ ഇന്ത്യയ്ക്ക്, അടുത്ത ലക്ഷ്യം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെ തോൽവിക്ക് പകരം വീട്ടുകയാണ്. മാസങ്ങൾക്കു മുൻപ് സതാംപ്ടണിൽ നടന്ന പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ എട്ടു വിക്കറ്റിന് ഇന്ത്യയെ തോൽപ്പിച്ചാണ് ന്യൂസീലൻഡ് കിരീടം ചൂടിയത്.

ട്വന്റി20 പരമ്പരയിൽ കളിച്ച ടീമിനെ അപേക്ഷിച്ച് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ തിരിച്ചുവരവോടെ കരുത്ത് വർധിക്കുന്ന ന്യൂസീലൻഡിനെതിരെ, ‘തല മുതിർന്ന’ രണ്ട് താരങ്ങളുടെ അഭാവത്തിലാണ് ഇന്ത്യയുടെ പടപ്പുറപ്പാട്. ക്യാപ്റ്റൻ വിരാട് കോലി, ട്വന്റി20 ടീം നായകൻ രോഹിത് ശർമ എന്നിവരാണ് അസാന്നിധ്യം കൊണ്ട് ശ്രദ്ധ നേടുന്നവർ. വിരാട് കോലിക്ക് ആദ്യ ടെസ്റ്റിൽനിന്നും രോഹിത്തിന് ടെസ്റ്റ് പരമ്പരയിൽനിന്ന് പൂർണമായും വിശ്രമം അനുവദിച്ച സാഹചര്യത്തിലാണിത്.

കുറച്ചുനാളായി അത്ര ഫോമിലല്ലാത്ത അജിൻക്യ രഹാനെയാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യൻ നായകൻ. ചേതേശ്വർ പൂജാരയാണ് വൈസ് ക്യാപ്റ്റൻ. അതേസമയം, രാഹുൽ ദ്രാവിഡ് പരിശീലകനായി എത്തിയശേഷമുള്ള ആദ്യ ടെസ്റ്റ് മത്സരമെന്ന പ്രത്യേകതയുമുണ്ട്.

കോലിയുടെയും രോഹിത്തിന്റെയും അഭാവത്തിലും ടീം തിരഞ്ഞെടുപ്പ് ദ്രാവിഡിനും രഹാനെയ്‌ക്കും തലവേദനയാകുമെന്ന് ഉറപ്പാണ്. ഓപ്പണിങ്ങിൽ രാഹുലിനൊപ്പം ആരു വരുമെന്നതാണ് പ്രധാന ആകാംക്ഷ. മയാങ്ക് അഗർവാൾ, ശുഭ്മാൻ ഗിൽ എന്നിവരാണ് പരിഗണിക്കപ്പെടുന്നവർ. മയാങ്ക് ഓപ്പണറായാൽ ഗില്ലിനെ മധ്യനിരയിൽ കളിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. ഗിൽ ഓപ്പണറായാൽ മയാങ്കിന് സ്ഥാനം നഷ്ടമാകും.

മധ്യനിരയിൽ അജിൻക്യ രഹാനെ, ചേതേശ്വർ പൂജാര എന്നിവർക്ക് ഇടമുറപ്പാണ്. വിരാട് കോലിക്കു പകരം ശുഭ്മാൻ ഗില്ലിനെ കളിപ്പിക്കാൻ സാധ്യതയുണ്ട്. ഗിൽ ഓപ്പണറായാൽ ശ്രേയസ് അയ്യർ, ഹനുമ വിഹാരി എന്നിവരെ പരിഗണിക്കും. വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് വിശ്രമം അനുവദിച്ച സാഹചര്യത്തിൽ വൃദ്ധിമാൻ സാഹയ്ക്കാകും ഉത്തരവാദിത്തം. പുതിയൊരു താരത്തെ പരീക്ഷിക്കാൻ സിലക്ടർമാർ തീരുമാനിച്ചാൽ ശ്രീകർ ഭരതിന് വഴിതെളിയും.

Top