കേപ്ടൗണ്‍: ട്വന്റി 20 വനിതാ ലോകപ്പില്‍ ഇന്ന് ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം. കേപ് ടൗണില്‍ വൈകിട്ട് ആറരയ്ക്കാണ് കളി തുടങ്ങുക. പരിക്കേറ്റ ഓപ്പണര്‍ സ്മൃതി മന്ദാന ഇല്ലാതെയാണ് ഇന്ത്യ പാകിസ്ഥാനെ നേരിടുക. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പരിക്ക് മാറിയെത്തിയത് ഇന്ത്യക്ക് ആശ്വാസമാണ്. കൈവിരലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് മന്ദാനയ്ക്ക് മത്സരം നഷ്ടമാവുക. ഓസ്ട്രേലിയക്കെതിരായ സന്നാഹമത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് ബംഗ്ലാദേശിനെതിരായ സന്നാഹമത്സരത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കളിച്ചിരുന്നില്ല.
കഴിഞ്ഞ തവണ ഫൈനലില്‍ തോറ്റ ഇന്ത്യ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് പാകിസ്ഥാനെതിരെ ഇറങ്ങുന്നത്. വനിതാ ടി20 ലോകകപ്പുകളില്‍ ആറ് തവണ ഇരുവരും നേര്‍ക്കുനേര്‍ വന്നു. ഇതില്‍ നാലിലും ഇന്ത്യയാണ് ജയിച്ചത്. ഒന്നാകെ ഇരുടീമും 13 മത്സരങ്ങളില്‍ ഏറ്റുമുട്ടി. ഇന്ത്യ പത്തിലും പാകിസ്ഥാന്‍ മൂന്നിലും ജയിച്ചു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ മത്സരം കാണാം. ഡിസ്‌നി ഹോട്‌സ്റ്റാറിലും ലൈവ് സ്ട്രീമിംഗ് ഉണ്ട്.
ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, വെസ്റ്റിന്‍ഡീസ് എന്നിവരാണ് ഗ്രൂപ്പ് ബിയില്‍ ഇന്ത്യയുടെ മറ്റ് എതിരാളികള്‍. ഇന്ത്യ പതിനഞ്ചിന് വിന്‍ഡീസിനെയും പതിനെട്ടിന് ഇംഗ്ലണ്ടിനെയും 20ന് അയര്‍ലന്‍ഡിനെയും നേരിടും. ജുലന്‍ ഗോസ്വാമിയും മിതാലി രാജും വിരമിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ലോകകപ്പാണിത്.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിനൊപ്പം ഷഫാലി വര്‍മ, സ്മൃതി മന്ഥാന, ജെമിമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, റിച്ചാ ഘോഷ് എന്നിവരിലാണ് ബാറ്റിംഗ് പ്രതീക്ഷ. അണ്ടര്‍ 19 ലോകകപ്പ് നേടിയ ഷഫാലി വര്‍മ്മ, റിച്ച ഘോഷ് എന്നിവര്‍ സീനിയര്‍ ടീമിലുമുണ്ട്. ഓള്‍റൗണ്ടര്‍മാരായ ദീപ്തി ശര്‍മ, ദേവിക വൈദ്യ, പൂജാ വസ്ത്രകാര്‍ എന്നിവരുടെ മികവ് നിര്‍ണായകമാവും. ലോകകപ്പിന് മുന്നോടിയായി നടന്ന ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ ദക്ഷിണാഫ്രിക്കയോടും അവസാന സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയയോടും ഇന്ത്യ തോറ്റിരുന്നു.
ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷെഫാലി വര്‍മ, യഷ്ടിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പര്‍), ജമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, ദേവിക വൈദ്യ, രാധാ യാദവ്, രേണുക സിംഗ്, അഞ്ജലി ശര്‍വാണി, പൂജ വസ്ത്രകര്‍, രാജേശ്വരി ഗെയ്കവാദ്, ശിഖ പാണ്ഡെ.