ധരംശാല: ഏകദിന പരമ്പരയില്‍ ന്യൂസീലന്‍ഡിനോട് സമ്പൂര്‍ണ തോല്‍വി വഴങ്ങിയ ടീം ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇറങ്ങും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യത്തെ കളി ഹിമാചല്‍ പ്രദേശിലെ ധരംശാലയിലാണ്. ഉച്ചയ്ക്ക് 1.30നാണ് മത്സരം. ആദ്യ മത്സരത്തില്‍ മഴ വില്ലനാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.
ധരംശാലയില്‍ പകല്‍ സമയത്ത് മഴയ്ക്കു 90 ശതമാനം സാധ്യതയാണു കാലാവസ്ഥാ കേന്ദ്രങ്ങള്‍ പ്രവചിക്കുന്നത്. വൈകിട്ട് ഇടിമിന്നലോടുകൂടിയ കനത്ത മഴയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ധരംശാലയിലെ താപനില 23 ഡിഗ്രി വരെ താഴാന്‍ സാധ്യതയുമുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 മത്സരം ധരംശാലയില്‍ ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചിരുന്നു.
ന്യൂസീലന്‍ഡ് പര്യടനത്തില്‍ മൂന്ന് മത്സരവും തോറ്റ ക്ഷീണത്തിലാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടാന്‍ ഇറങ്ങുന്നത്. അതേസമയം ഓസ്‌ട്രേലിയയെ 30ന് തോല്‍പിച്ച ആത്മവിശ്വാസവുമായാണ് ദക്ഷിണാഫ്രിക്കയെത്തുന്നത്.
ഇന്ത്യ വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, കെ.എല്‍. രാഹുല്‍, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചെഹല്‍, ജസ്പ്രീത് ബുമ്ര, നവ്ദീപ് സെയ്‌നി, കുല്‍ദീപ് യാദവ്, ശുഭ്മാന്‍ ഗില്‍.
ദക്ഷിണാഫ്രിക്ക ക്വിന്റന്‍ ഡി കോക്ക് (ക്യാപ്റ്റന്‍), തെംബ ബാവുമ, റാസി വാന്‍ ഡര്‍ ദസന്‍, ഫാഫ് ഡുപ്ലേസി, കൈല്‍ വറൈന്‍, ഹെന്റിച് ക്ലാസന്‍, ജാനേമന്‍ മലാന്‍, ഡേവിഡ് മില്ലര്‍, ജോണ്‍ ജോണ്‍ സ്മട്ട്‌സ്, പെഹ്‌ലുക്വായോ, ലുങ്കി എന്‍ഗിഡി, ലുതോ സിപംല, ബ്യൂറന്‍ ഹെന്റിക്‌സ്, ആന്റിച്ച് നോര്‍ദെ, ജോര്‍ജ് ലിന്‍ഡെ, കേശവ് മഹാരാജ് എന്നിവയാണ് ടീമുകള്‍.