ജൊഹനാസ്ബര്‍ഗ്: ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ടി20 ഇന്ന് നടക്കും. രാത്രി എട്ടരയ്ക്ക് ജൊഹാനസ്ബര്‍ഗിലാണ് മത്സരം. പരമ്പര നഷ്ടമാകാതിരിക്കാന്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. 2015ന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 പരമ്പര കൈവിട്ടിട്ടില്ല ടീം ഇന്ത്യ. ആ ചരിത്രം നിലനിര്‍ത്താന്‍ ജൊഹാനസ്ബര്‍ഗില്‍ ജീവന്മരണപ്പോരിനാണ് സൂര്യ കുമാര്‍ യാദവും സംഘവും ഇറങ്ങുന്നത്. പരമ്പരയിലെ ആദ്യ മത്സരം മഴയെടുത്തപ്പോള്‍ രണ്ടാം കളിയില്‍ അഞ്ച് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. മഴമൂലം 152ആയി വെട്ടിച്ചുരുക്കിയ വിജയലക്ഷ്യം അനായാസം അടിച്ചെടുത്തു പ്രോട്ടീസ.
ദക്ഷിണാഫ്രിക്കന്‍ നിരയിലും മാറ്റമുണ്ടാകും. ജോറാള്‍ഡ് കോര്‍ട്സീയയും മാര്‍ക്കോ യാന്‍സനും മൂന്നാം മത്സരത്തില്‍ വിശ്രമം നല്‍കിയതിനാല്‍ നാന്ത്രേ ബര്‍ഗറും, ഓട്നീല്‍ ബാര്‍ട്ട്മാനും അരങ്ങേറ്റ മത്സരം കളിക്കും. ജൊഹാനസ്ബര്‍ഗില്‍ മഴയുണ്ടാവില്ലെന്നാണ് കാലാവസ്ഥ പ്രവചനം. ഇതോടെ ത്രില്ലര്‍ പോരാട്ടം പ്രതീക്ഷിക്കുകയാണ് ആരാധകര്‍.ഇന്ത്യ സാധ്യതാ ഇലവന്‍: യശസ്വി ജെയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍ / റുതുരാജ് ഗെയ്കവാദ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ് / രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്.
മത്സരത്തിലെ തോല്‍വിയോടെ ഇന്ത്യന്‍ ടീമില്‍ മാറ്റമുറപ്പ്. ശുഭ്മാന്‍ ഗില്ലിന് പകരം റുതുരാജ് ഗെയ്ക്വാദ് തിരിച്ചെത്തിയേക്കും. ശ്രേയസ് അയ്യര്‍ ഇന്നും പുറത്തിരിക്കേണ്ടി വരും. തിലക് വര്‍മ സ്ഥാനമുറപ്പിക്കും. ജിതേഷ് ശര്‍മ്മയ്ക്ക് പകരം ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറായി വരുമോ എന്നതും കാത്തിരുന്ന് കാണാം. കുല്‍ദീപിന് വിശ്രമം നല്‍കി ട്വന്റി 20യിലെ ഒന്നാം നമ്പര്‍ ബൗളറായ രവി ബിഷ്ണോയെ തിരിച്ചുവിളിച്ചേക്കാമെന്നതാണ് ബൗളിംഗ് നിരയില്‍ പ്രതീക്ഷിക്കുന്ന മാറ്റം.