കേപ്ടൗണ്‍: കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ എട്ട് വിക്കറ്റിന്റെ ചരിത്ര വിജയവുമായി ടീം ഇന്ത്യക്ക് ഹാപ്പി ന്യൂ ഇയര്‍. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 79 റണ്‍സ് വിജയലക്ഷ്യം യശസ്വി ജയ്സ്വാളിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോലിയുടെയും വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഇന്ത്യ 12 ഓവറില്‍ അടിച്ചെടുത്തു. 23 പന്തില്‍ 28 റണ്‍സെടുത്ത് യശസ്വി പുറത്തായപ്പോള്‍ 11 പന്തില്‍ 10 റണ്‍സെടുത്ത് ഗില്ലും വിജയത്തിന് അരികെ 11 പന്തില്‍ 12 റണ്‍സെടുത്ത് കോലിയും വീണെങ്കിലും ക്യാപ്റ്റൻ രോഹിത് ശര്‍മയും ശ്രേയസ് അയ്യരും ചേര്‍ന്ന് ഇന്ത്യൻ വിജയം പൂര്‍ത്തിയാക്കി.
17 റണ്‍സുമായി രോഹിത്തും നാലു റണ്‍സോടെ ശ്രേയസും പുറത്താകാതെ നിന്നു. ജയത്തോടെ രണ്ട് മത്സര പരമ്പര ഇന്ത്യ 1-1ന് സമനിലയില്‍ പിടിച്ചു. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഇന്നിംഗ്സ് ജയം സ്വന്തമാക്കിയിരുന്നു. പുതുവര്‍ഷത്തില്‍ ജയത്തോടെ തുടങ്ങിയ ഇന്ത്യ കേപ്ടൗണില്‍ ആദ്യ വിജയമാണ് സ്വന്തമാക്കിയത്. ചെറിയ വിജലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി യശസ്വി ജയ്സ്വാള്‍ തകര്‍ത്തടിച്ചു തുടങ്ങിയതോടെ കാര്യങ്ങള്‍ എളുപ്പമായി. രോഹിത്തിന് രണ്ട് തവണ ജീവന്‍ കിട്ടിയതും ഇന്ത്യക്ക് അനുഗ്രഹമായി. വിജയത്തിന് നാലു റണ്‍സകലെയാണ് കോലി പുറത്തായത്. സ്കോര്‍ ദക്ഷിണാഫ്രിക്ക 55, 176, ഇന്ത്യ 153, 80-3. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ഓവറുകളില്‍ പൂര്‍ത്തിയായ മത്സരമെന്ന നാണക്കേടും കേപ്ടൗണ്‍ ടെസ്റ്റിനായി. രണ്ട് ദിവസങ്ങളിലായി അഞ്ച് സെഷനുകള്‍ക്കുള്ളില്‍ 107 ഓവറുകളിലാണ് മത്സരം പൂര്‍ത്തിയായത്.
രണ്ടാം ദിനം ആദ്യ സെഷനില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി പൊരുതിയ ഏയ്ഡന്‍ മാര്‍ക്രത്തിന്റെ ബാറ്റിംഗ് കരുത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് മുന്നില്‍ 79 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചത്. 62-3 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം ലഞ്ചിന് മുമ്പെ 176 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഏയ്ഡന്‍ മാര്‍ക്രം 103 പന്തില്‍106 റണ്‍സുമായി വെടിക്കെട്ട് സെഞ്ചുറി കുറിച്ചപ്പോള്‍ ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര ആറ് വിക്കറ്റെടുത്തു.
രണ്ടാം ദിനം ആദ്യ ഓവറില്‍ തന്നെ ജസ്പ്രീത് ബുമ്ര ബെഡിങ്ഹാമിനെ വീഴ്ത്തിയ ബുമ്രയാണ് ദക്ഷിണാഫ്രിക്കൻ തകര്‍ച്ച തുടങ്ങിവെച്ചത്. 11 റണ്‍സായിരുന്നു ബെഡിങ്ഹാമിന്റെ സമ്പാദ്യം. പിന്നീടെത്തിയ വെറിയെന്നെ മാര്‍ക്രത്തിന് പിന്തുണ നകാൻ ശ്രമിച്ചെങ്കിലും ബുമ്രയുടെ ഷോട്ട് ബോള്‍ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ മിഡോണില്‍ മുഹമ്മദ് സിറാജിന്റെ കൈകളിലെത്തി. വെറിയെന്നെ മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ മറികടക്കാന്‍ ദക്ഷിണാഫ്രിക്കക്ക് 14 റണ്‍സ് കൂടി വേണമായിരുന്നു.
മാര്‍ക്കൊ യാന്‍സനൊപ്പം ആക്രമിച്ച് കളിച്ച മാര്‍ക്രം ദക്ഷിണാഫ്രിക്കയെ ലീഡിലേക്ക് നയിച്ചു. യാന്‍സനെയും കേശവ് മഹാരാജിനെയും പുറത്താക്കി അഞ്ച് വിക്കറ്റ് തികച്ച ബുമ്ര ദക്ഷിണാഫ്രിക്കയെ 111-7ലേക്ക് തള്ളിവിട്ടശേഷമായിരുന്നു മാര്‍ക്രം കടന്നാക്രമിച്ചത്. മറുവശത്ത് കാഗിസോ റബാഡയെ സംരക്ഷിച്ചു നിര്‍ത്തി മാര്‍ക്രം തകര്‍ത്തടിച്ചു. ബുമ്രയുടെ പന്തില്‍ മാര്‍ക്രം നല്‍കിയ അനായാസ ക്യാച്ച് ഇതിനിടെ രാഹുല്‍ നിലത്തിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി.
⭐⭐⭐⭐⭐
A 5-star performance from #JaspritBumrah in the 2nd innings, as he picks up his 4th witcket of the morning!
Will his 9th Test 5-fer lead to a historic win for #TeamIndia?
Tune in to #SAvIND 2nd Test
LIVE NOW | Star Sports Network#Cricket pic.twitter.com/hjDyvSAJc3— Star Sports (@StarSportsIndia) January 4, 2024
73 റണ്‍സെടുത്ത് നില്‍ക്കെ ജീവന്‍ കിട്ടിയ മാര്‍ക്രം പ്രസിദ്ധ് കൃഷ്ണയുടെ ആദ്യ ഓവറില്‍ രണ്ട് സിക്സ് അടക്കം 20 റണ്‍സടിച്ച് അതിവേഗം സെഞ്ചുറിക്ക് അരികിലെത്തി. ജസ്പ്രീത് ബുമ്രയെ ബൗണ്ടറി കടത്തി 99 പന്തില്‍ സെഞ്ചുറി തികച്ച മാര്‍ക്രം ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട ലീഡിലേക്ക് നയിച്ചു. ഒടുവില്‍ മാര്‍ക്രത്തെ വീഴ്ത്തി മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് ആശ്വസിക്കാന്‍ വക നല്‍കിയത്. സിറാജിന്റെ പന്തില്‍ മാര്‍ക്രത്തെ രോഹിത് ക്യാച്ചെടുക്കുകയായിരുന്നു. മാര്‍ക്രം മടങ്ങിയതിന് പിന്നാലെ കാഗിസോ റബാഡയെ പ്രസിദ്ധ് കൃഷ്ണ രോഹിത്തിന്റെ കൈകളിലെത്തിച്ചു. പിന്നാലെ മടക്കി ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പോരാട്ടം അവസാനിപ്പിച്ചു.