ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക 408 റണ്‍സിന് പുറത്ത്; 163 റണ്‍സ് ലീഡ്

സെഞ്ചൂറിയന്‍: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 408 റണ്‍സിന് പുറത്ത്. 163 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിങ്‌സ് ലീഡും പ്രോട്ടീസ് സ്വന്തമാക്കി.

അഞ്ചിന് 256 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 152 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ശേഷമാണ് പുറത്തായത്. 287 പന്തില്‍ നിന്ന് 28 ബൗണ്ടറികളോടെ 185 റണ്‍സെടുത്ത ഓപ്പണര്‍ ഡീന്‍ എല്‍ഗറാണ് പ്രോട്ടീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മൂന്നാം ദിനം എല്‍ഗര്‍ – മാര്‍ക്കോ യാന്‍സന്‍ കൂട്ടുകെട്ടാണ് ഇന്ത്യയെ വെള്ളം കുടിപ്പിച്ചത്. 111 റണ്‍സാണ് ഈ സഖ്യം പ്രോട്ടീസ് സ്‌കോറിലേക്ക് ചേര്‍ത്തത്. 147 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും 11 ഫോറുമടക്കം 84 റണ്‍സോടെ പുറത്താകാതെ നിന്ന യാന്‍സന് പക്ഷേ നിര്‍ഭാഗ്യവശാല്‍ സെഞ്ചുറിയിലേക്കെത്താനായില്ല. അവസാന വിക്കറ്റായ നാന്ദ്രെ ബര്‍ഗറുടെ (0) കുറ്റി തെറിപ്പിച്ച് ബുംറ പ്രോട്ടീസ് ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു.

ഏയ്ഡന്‍ മാര്‍ക്രം (5), ടോണി ഡി സോര്‍സി (28), കീഗന്‍ പീറ്റേഴ്‌സന്‍ (2), ഡേവിഡ് ബെഡിങ്ങാം (56), കൈല്‍ വെരെയ്ന്‍ (4), ജെറാള്‍ഡ് കോട്ട്സി (19), കാഗിസോ റബാദ (1) എന്നിവരാണ് പുറത്തായ താരങ്ങള്‍. ആദ്യദിനം ഫീല്‍ഡിങിനിടെ പരിക്കേറ്റ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബാവുമ ബാറ്റിങ്ങിനിറങ്ങിയില്ല. ജസ്പ്രീത് ബുംറ നാലും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തേ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 245 റണ്‍സിന് പുറത്തായിരുന്നു. പ്രോട്ടീസ് പേസര്‍മാര്‍ക്കെതിരേ പിടിച്ചുനിന്ന് സെഞ്ചുറി നേടിയ കെ.എല്‍ രാഹുലിന്റെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 137 പന്തില്‍ നിന്ന് നാല് സിക്സും 14 ഫോറുമടക്കം 101 റണ്‍സെടുത്ത രാഹുല്‍ പത്താമനായാണ് പുറത്തായത്. എട്ടിന് 208 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 37 റണ്‍സ് കൂടി മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസര്‍ കാഗിസോ റബാദയാണ് ഇന്ത്യയെ തകര്‍ത്തത്. നാന്ദ്രെ ബര്‍ഗര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Top