ഇന്ത്യാ- ദക്ഷിണാഫ്രിക്ക പരമ്പരയിലെ രണ്ടാം ടി- 20 പോരാട്ടം ഇന്ന്

മൊഹാലി: ഇന്ത്യാ- ദക്ഷിണാഫ്രിക്ക പരമ്പരയിലെ രണ്ടാം ടി- 20 പോരാട്ടം ഇന്ന് മൊഹാലിയില്‍. ധര്‍മശാലയിലെ ഒന്നാം ഏകദിനം കനത്ത മഴമൂലം ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചിരുന്നു. മൂന്ന് ടി- 20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഒരു വര്‍ഷത്തിനുള്ള ടി- 20 ലോകകപ്പ് എത്തുന്നതിനാല്‍ യുവതാരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ക്യാംപ്.

എം.എസ്. ധോണിക്ക് പകരക്കാരനെന്ന വിശേഷണവുമായി നീലക്കുപ്പായത്തില്‍ എത്തിയ ഋഷഭ് പന്തിലാണ് ആരാധകരും ടീം മാനെജ്‌മെന്റിന്റേയും ശ്രദ്ധാകേന്ദ്രം. വിന്‍ഡീസ് പര്യടനത്തില്‍ ഫോം കണ്ടെത്താനാകാതിരുന്ന പന്തിന് നേരെ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരെ പോലുള്ള താരങ്ങള്‍ കാത്തുനില്‍ക്കുന്നുണ്ടെന്ന് മുന്നിറിയിപ്പുണ്ട് പന്തിന്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും കഴിഞ്ഞ ദിവസം പന്തിനെതിരേ രംഗത്ത് എത്തിയിരുന്നു. മത്സരത്തിന്റെ സാഹചര്യം മനസിലാക്കി പന്ത് ബാറ്റ് ചെയ്യണമെന്നാണ് കോഹ്ലി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പന്തിന് സമ്മര്‍ദം അതിജീവിക്കാനാകാതായാല്‍ എം.എസ്. ധോണിയെ തിരിച്ചു വിളിക്കാനും മാനെജ്‌മെന്റിന് താത്പര്യമുണ്ട്.

ടീം ഇന്ത്യയുടെ കൈക്കുഴ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനും യുസുവേന്ദ്ര ചഹലിനും പകരക്കാരായെത്തിയ രാഹുല്‍ ചഹര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നീ യുവസ്പിന്നരുടെ പ്രകടനത്തേയും ആരാധകരും സെലക്റ്റര്‍മാരും ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ട്. ലോകകപ്പിന് മുന്‍പ് ഇനി ഏതാണ് ഇരുപത് ടി-20 മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്ക് കളിക്കാനുള്ളത്. അതുകൊണ്ട് തന്നെ ഇനിയുള്ള ഓരോ മത്സരങ്ങളും ഒരു മികച്ച ടീമിനെ വളര്‍ത്തിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ്. ഇന്ത്യന്‍ മധ്യനിരയില്‍ അവസരം കാത്തിരിക്കുന്ന മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കും ഇത് പരീക്ഷണ പരമ്പരയാണ്.

പരുക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ശിഖാര്‍ ധവാനും രോഹിത് ശര്‍മയും തന്നെയാകും ഇന്ന് ഓപ്പണ്‍ ചെയ്യുക. മൂന്നാം നമ്പറില്‍ നായകന്‍ വിരാട് കോഹ്ലിയെത്തും. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍/കെ.എല്‍. രാഹുല്‍ എന്നിവരില്‍ ആരെങ്കിലുമൊരാള്‍ എത്തും. പിന്നാലെ മനീഷ് പാണ്ഡെയും ഹര്‍ദിക് പാണ്ഡ്യയും എത്തും. മുന്‍നിര സീമര്‍മാര്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുന്നതിനാല്‍ ദീപക് ചഹാര്‍/ഖലീല്‍ അഹമ്മദ്, നവദീപ് സെയ്‌നി എന്നിവരാണ് സീമര്‍മാരായി എത്തുക. വാഷിങ്ടണ്‍ സുന്ദര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവരാകും സ്പിന്നര്‍മാരായി കളത്തില്‍ എത്തുക.

ലോകകപ്പിലേറ്റ കനത്ത തിരിച്ചടികളില്‍ നിന്ന് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് കൊതിച്ചുകൊണ്ടാണ് ദക്ഷിണാഫ്രിക്കയും ഇന്ത്യന്‍ മണ്ണിലെത്തിയിരിക്കുന്നത്. കഗിസോ റബാഡ നയിക്കുന്ന ബൗളര്‍മാരില്‍ തന്നെയാണ് സന്ദര്‍ശകര്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്.

Top