കേപ് ടൗണ്‍: കേപ്ടൗണിലെ പിച്ച് ഒരിക്കല്‍ക്കൂടി ബാറ്റിങ് പ്രകടനത്തെ ദുഷ്കരമാക്കി. നേരത്തേ ദക്ഷിണാഫ്രിക്കയെ 55 റണ്‍സില്‍ ഒതുക്കി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 153 റണ്‍സില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. വിരാട് കോലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. കെ.എല്‍. രാഹുല്‍ എട്ട് റണ്‍സെടുത്തു. ബാക്കിയെല്ലാവരും പൂജ്യത്തിന് പുറത്തായി.
34-ാം ഓവര്‍ എറിയാനെത്തുമ്പോള്‍ 153-ല്‍ നാല് എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് 34.5 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അതേ സ്കോറില്‍ ബാക്കിയുള്ളവരെല്ലാം മടങ്ങി. അവസാന അഞ്ചുപേര്‍ മടങ്ങിയത് പൂജ്യത്തിന്. അവസാന ആറ് വിക്കറ്റുകള്‍ പോയത് റണ്ണൊന്നും ചേര്‍ക്കാന്‍ കഴിയാതെ. ഫലത്തില്‍ 153-ല്‍ത്തന്നെ ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചു.
അങ്ങേയറ്റം ദുഷ്കരമായ പിച്ചില്‍ 98 റണ്‍സ് ലീഡ് നേടാനായതില്‍ ഇന്ത്യക്ക് ആശ്വസിക്കാം. 46 റണ്‍സ് നേടിയ വിരാട് കോലിയാണ് ഇന്ത്യന്‍ നിരയില്‍ ടോപ് സ്കോറര്‍. 43 പന്തില്‍ 39 റണ്‍സെടുത്ത് രോഹിത് ശര്‍മയും 55 പന്തില്‍നിന്ന് 36 റണ്‍സെടുത്ത് ശുഭ്മാന്‍ ഗില്ലും രണ്ടക്കം കടന്നു. നാന്ദ്രെ ബര്‍ഗറിന്റെ പന്തുകളില്‍ മാര്‍ക്കോ ജാന്സന് ക്യാച്ച് നല്‍കിയാണ് ഇരുവരും മടങ്ങിയത്. റണ്ണൊന്നുമെടുക്കാന്‍ അനുവദിക്കാതെ ശ്രേയസ് അയ്യരെയും ബര്‍ഗര്‍ തന്നെയാണ് പുറത്താക്കിയത്.
ബൗളര്‍മാരുടെ ടെസ്റ്റായിരുന്നു ഇന്ന് കണ്ടത്. ദക്ഷിണാഫ്രിക്കയുടെ ആറുപേരെ മടക്കിയയച്ച് മുഹമ്മദ് സിറാജാണ് ആദ്യം താരമായത്. ഇന്ത്യന്‍ ബാറ്റര്‍മാരുടെ വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ പങ്കിട്ടെടുത്തു. കഗിസോ റബാദ (മൂന്ന്), ലുങ്കി എങ്കിടി (മൂന്ന്), നാന്ദ്രെ ബര്‍ഗര്‍ (മൂന്ന്) എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. മുഹമ്മദ് സിറാജ് റണ്ണൗട്ടായി.
ലുങ്കിനിയുടെ 34-ാം ഓവറില്‍ ഒന്നിടവിട്ട പന്തുകളിലാണ് മൂന്ന് വിക്കറ്റും വീണത്. ഓവറിലെ ആദ്യ പന്തില്‍ കെ.എല്‍. രാഹുലിനെ (എട്ട്) പുറത്താക്കി. മൂന്നാം പന്തില്‍ രവീന്ദ്ര ജഡേജയെയും അഞ്ചാംപന്തില്‍ ജസ്പ്രീത് ബുംറയെയും മടക്കിയയച്ചു. പിന്നീട് റബാദയാണ് എത്തിയത്. രണ്ടാം പന്തില്‍ കോലിയെ മടക്കിയയച്ചു. നാലാം പന്തില്‍ സിറാജ് റണ്ണൗട്ടായി മടങ്ങി. അഞ്ചാംപന്തില്‍ പ്രസിദ്ധ് കൃഷ്ണയെ എയ്ഡന്‍ മാര്‍ക്രമിന്റെ കൈകളിലേക്ക് നല്‍കിയും മടക്കി. ഇതോടെ ഇന്ത്യന്‍ ഇന്നിങ്സ് പൂര്‍ണം. അവസാന 11 ബോളില്‍ സംഭവിച്ചത് ആറ് വിക്കറ്റ്. ഓപണര്‍ യശസ്വി ജയ്സ്വാളിനെയും റബാദയാണ് പുറത്താക്കിയത്.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയെ 55 റണ്‍സില്‍ ഇന്ത്യ ഓള് ഔട്ടാക്കി. ആതിഥേയര്‍ ആകെ കളിച്ചത് 23.2 ഓവര്‍. പേസര്‍ മുഹമ്മദ് സിറാജിന്റെ തീപാറും ബൗളിങ്ങിനു മുന്നില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നും ചെയ്യാനായില്ല. പ്രോട്ടീസ് നിരയിലെ ആറുപേരെയും സിറാജാണ് മടക്കിയയച്ചത്. ജസ്പ്രീത് ബുംറയ്ക്കും മുകേഷ് കുമാറിനും രണ്ടുവീതം വിക്കറ്റുകള്‍. ഒമ്പത് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു സിറാജിന്റെ ആറുവിക്കറ്റ് നേട്ടം.
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ബെഡിങ്ഹാമും വെരെയ്നക്കും മാത്രമാണ് രണ്ടക്കം കടക്കാനായത്. വിടവാങ്ങല്‍ ടെസ്റ്റില്‍ ക്യാപ്റ്റനായി ടോസ് നേടിയിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഡീന്‍ എല്‍ഗറിന് പിഴച്ചു. ആദ്യ ഓവര്‍ മുതല്‍ മികച്ച സ്വിങ്ങും ലെങ്ഗും കണ്ടെത്താനായ സിറാജിന് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ പകച്ചു.
വിക്കറ്റ് കീപ്പര്‍ കെയില്‍ വെരാനെ (30 പന്തില്‍ 15), ഡേവിഡ് ബെഡിങ്ഹാം (17 പന്തില്‍ 12) ഒഴിച്ചാല്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ആരും രണ്ടക്കം കടന്നില്ല. എയ്ഡന്‍ മാര്‍ക്രം (2), ക്യാപ്റ്റന്‍ എല്‍ഗര്‍ (4), ടോണി ഡി സോര്‍സി (2), ട്രിസ്റ്റന്‍ സ്റ്റബ്സ് (3), മാര്‍ക്രോ ജാന്സെന് (0), കേശവ് മഹാരാജ് (3), കഗിസോ റബാദ (5), നാന്ദ്രേ ബര്‍ഗര്‍ (4), ലുങ്കി എങ്കിടി (0) എന്നിവരെല്ലാം നിരാശപ്പെടുത്തി.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരേ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്കോറാണിത്. 1932-നു ശേഷം ദക്ഷിണാഫ്രിക്ക ഇത്രയും ചെറിയ സ്കോറിന് പുറത്താകുന്നതും ഇതാദ്യം. ഒന്നാം ദിവസത്തിന്റെ ഒന്നാം സെഷനില്‍ തന്നെ മുഴുവന്‍ പേരും പുറത്തായെന്ന നാണക്കേടും ദക്ഷിണാഫ്രിക്ക പേറേണ്ടിവരും.
ബുംറക്കുശേഷം സിംഗിള്‍ സെഷനില്‍ ആറു വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ പേസറാണ് സിറാജ്. ലോകക്രിക്കറ്റില്‍ ആറാമത്തെ താരവും. സിറാജിന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സാണിത്. ഒന്‍പത് ഓവറുകള്‍ മാത്രമെറിഞ്ഞാണ് സിറാജിന്റെ ആറു വിക്കറ്റ് സമ്പാദ്യം.
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ട്രിസ്റ്റന്‍ സ്റ്റബ്സ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. ലുങ്കി എന്‍ഗിഡിയും കേശവ് മഹാരാജും ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. പരിക്കേറ്റ തെംമ്പ ബവുമയ്ക്കും ജെറാള്‍ഡ് കുറ്റ്സെയ്ക്കും ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് നഷ്ടമായി. ബവുമയുടെ അസാന്നിധ്യത്തില്‍ ഡീന്‍ എല്‍ഗറാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത് അതേസമയം, ഇന്ത്യന്‍ നിരയില്‍ രവിചന്ദ്ര അശ്വിന് പകരം രവീന്ദ്ര ജഡേജയേയും ശര്‍ദുല്‍ ഠാക്കൂറിന് പകരം മുകേഷ് കുമാറിനേയും ഉള്‍പ്പെടുത്തി.