ആദ്യം കുതിച്ചു, പിന്നീട് കിതപ്പ്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ പതറുന്നു

വാണ്ടറേഴ്സ് ടെസ്റ്റിന്റെ 2-ാം ഇന്നിങ്സില്‍ ഇന്ത്യ പതറുന്നു. 2 വിക്കറ്റിന് 85 എന്ന സ്‌കോറില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 3-ാം ദിവസം 6 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് എന്ന സ്‌കോറില്‍ ഉച്ചഭക്ഷണത്തിനു പിരിഞ്ഞു. ഇന്ത്യയ്ക്കിപ്പോള്‍ 161 റണ്‍സ് ലീഡാണുള്ളത്. ഹനുമാ വിഹാരി (6), ശാര്‍ദൂല്‍ ഠാക്കൂര്‍ (4) എന്നിവരാണു ക്രീസില്‍. ദക്ഷിണാഫ്രിക്കയ്ക്കായി കഗീസോ റബാദ 3 വിക്കറ്റ് വീഴ്ത്തി. ഡ്യുവാന്‍ ഒലിവിയര്‍, മാര്‍ക്കോ ജാന്‍സെന്‍, ലുങ്കി എന്‍ഗിഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

അര്‍ധ സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര (53), അജിന്‍ക്യ രഹാനെ (58) സഖ്യമാണു 2-ാം ഇന്നിങ്സില്‍ ഇന്ത്യയ്ക്കു കരുത്തായത്. 2 വിക്കറ്റ് നഷ്ടത്തില്‍ 44 എന്ന സ്‌കോറില്‍ ഒത്തു ചേര്‍ന്ന സഖ്യം 3-ാം വിക്കറ്റില്‍ 111 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയ്ക്കു മത്സരത്തില്‍ മേല്‍ക്കൈ നല്‍കി. എന്നാല്‍ പിന്നീടു തുടര്‍ച്ചായായി 4 വിക്കറ്റെടുത്തു ദക്ഷിണാഫ്രിക്കയും തിരിച്ചടിച്ചു.

86 പന്തില്‍ 10 ഫോര്‍ അടങ്ങുന്നതാണു പൂജാരയുടെ ഇന്നിങ്സ്. 78 പന്തില്‍ 8 ഫോറും ഒരു സിക്സും അടങ്ങുന്നതാണു രഹാനെയുടെ ഇന്നിങ്സ്. മാര്‍ക്കോ ജാന്‍സെനെയാണു രഹാനെ സിക്സറിനു തൂക്കിയത്. ഫോമില്ലായ്മയുടെ പേരില്‍ ഏറെ പഴി കേട്ടിരുന്ന പൂജാരയും രഹാനെയും ഏറ്റവും അനിവാര്യമായ സമയത്ത് റണ്‍സ് കണ്ടെത്തിയത് ടീമിന് ആശ്വാസമായി.

ഏകദിന ശൈലിയില്‍ ബാറ്റുവീശിയ സഖ്യം അതിവേഗം ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ റണ്‍സ് എത്തിച്ചാണു ദക്ഷിണാഫ്രിക്കയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. ആദ്യ ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്ക 27 റണ്‍സിന്റെ ലീഡ് നേടിയിരുന്നു.പിന്നീട് 12 റണ്‍സിനിടെ കഗീസോ റബാദ രഹാനെയയും പൂജാരയെയും ഋഷഭ് പന്തിനെയും പുറത്താക്കി. രവിചന്ദ്രന്‍ അശ്വിനെ (16) ലുങ്കി എന്‍ഗിഡിയാണു പുറത്താക്കിയത്.

Top