കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കു തോല്‍വി. കേപ്ടൗണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 72 റണ്‍സിനാണ് ഇന്ത്യ ആതിഥേയരോട് തോല്‍വി ഏറ്റുവാങ്ങിയത്.
208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 135 റണ്‍സിന് എല്ലാവരും പുറത്തായി. ആറു വിക്കറ്റ് പിഴുത വെറോണ്‍ ഫിലാന്‍ഡറുടെ മാസ്മരിക സ്‌പെല്ലാണ് ഇന്ത്യക്കു പരാജയത്തിലേക്കു വഴികാട്ടിയത്. 15.4 ഓവറില്‍ 42 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ഫിലാന്‍ഡറുടെ നേട്ടം.
വെറോണ്‍ ഫിലാന്‍ഡറും മോണേ മോര്‍ക്കലും അടങ്ങിയ പേസ് നിരയ്‌ക്കെതിരെ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടിയ ഇന്ത്യ കേപ് ടൗണ്‍ ടെസ്റ്റ് അടിയറവു പറയുകയായിരുന്നു. ഡെയില്‍ സ്റ്റെയിനിന്റെ സേവനം ലഭ്യമായില്ലെങ്കിലും ബാക്കി പേസ് ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ മത്സരത്തിന്റെ നാലാം ദിവസം തന്നെ ഇന്ത്യ മുട്ടുമടക്കി.
28 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ആദ്യ വിക്കറ്റില്‍ 30 റണ്‍സ് നേടിയ ശേഷം ഇന്ത്യയ്ക്ക് ശിഖര്‍ ധവാനെയും(16) മുരളി വിജയെയും(13) തൊട്ടടുത്ത ഓവറുകളില്‍ നഷ്ടമായ ഇന്ത്യയ്ക്കായി വിരാട് കോഹ്‌ലി മാത്രമാണ് പിന്നീട് പിടിച്ചു നിന്നത്. എട്ടാം വിക്കറ്റില്‍ 49 റണ്‍സ് നേടി അശ്വിന്‍(37)ഭുവനേശ്വര്‍ കുമാര്‍(13*) സഖ്യം ചെറുത്ത് നിന്നുവെങ്കിലും ഏറെ വൈകാതെ ഫിലാന്‍ഡര്‍ ഒരോവറില്‍ തന്നെ ഇന്ത്യന്‍ വാലറ്റത്തെ കടപുഴകി.
വെറോണ്‍ ഫിലാന്‍ഡര്‍ ആറും മോണേ മോര്‍ക്കല്‍, കാഗിസോ റബാഡ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.