വിന്‍ഡീസിനെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഏകദിന മല്‍സരത്തില്‍ ആറുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ സെഞ്ച്വറി(114)യും ശ്രേയസ് അയ്യറിന്റെ അര്‍ധസെഞ്ച്വറി(65)മാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

വിടവാങ്ങല്‍ മല്‍സരത്തിനെത്തിയ ക്രിസ് ഗെയിലിന്റെ ഉജ്വല ഇന്നിങ്‌സിന്റെ ബലത്തില്‍ 35 ഓവറില്‍ 240 റണ്‍സാണ് വിന്‍ഡീസ് എടുത്തത്. എന്നാല്‍ നാലുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ഇത് മറികടക്കുകയായിരുന്നു. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 255 ആക്കിയിരുന്നു.

രോഹിത് ശര്‍മ(10), ശിഖര്‍ ധവാന്‍(36), റിഷഭ് പന്ത്(0) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. കോഹ്ലിക്കൊപ്പം കേദാര്‍ ജാദവും (19) പുറത്താവാതെ നിന്നു. 99 ബോളുകളില്‍ നിന്ന് 14 ഫോറുകളുടെ തിളക്കവുമായാണ് കോഹ്ലി സെഞ്ച്വറിയിലേക്ക് എത്തിയത്.

ഏകദിന കരിയറിലെ 43-ാം സെഞ്ച്വറിയാണ് കോഹ്ലി കുറിച്ചത്. സെഞ്ചുറികളുടെ എണ്ണത്തില്‍ സച്ചിന്‍ മാത്രമാണ് ഇനി കോഹ്ലിക്ക് മുന്നിലുള്ളത്.

ടേസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നായകന്‍ ഹോള്‍ഡറിന്റെ തീരുമാനം ശരിവയ്ക്കുന്ന വിധത്തിലായിരുന്നു വിന്‍ഡീസിന്റെ തുടക്കം. ഓപ്പണര്‍മാരായ ഗെയിലും ലെവിസും ഇന്ത്യന്‍ ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചു. കേവലം 41 പന്തുകള്‍ മാത്രം നേരിട്ട ഗെയില്‍ 72 റണ്‍സെടുത്തു. അഞ്ചുസിക്‌സറുകളും എട്ടു ബൗണ്ടറികളും ഗെയിലിന്റെ ഇന്നിങ്‌സില്‍ ഉള്‍പ്പെടും. 10.5 ഓവറില്‍ 115 റണ്‍സാണ് വിന്‍ഡീസ് ആദ്യ വിക്കറ്റില്‍ സ്വന്തമാക്കിയത്. 29 പന്തില്‍ നിന്ന് മൂന്നുസിക്‌സറും അഞ്ചുബൗണ്ടറികളും സഹിതം 43 റണ്‍സെടുത്ത ലെവിസിനെ ചഹാലിന്റെ പന്തില്‍ ധവാന്‍ പിടിച്ചുപുറത്താക്കുകയായിരുന്നു.

ആദ്യ ഏകദിനത്തില്‍ മഴ കളിക്ക് തടസ്സമായെങ്കിലും രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 59 റണ്‍സിന് വിജയിച്ചു. പരമ്പരയില്‍ 1- 0 ത്തിന് മുന്‍പിലാണ് ഇന്ത്യ ഇപ്പോള്‍. ഇന്നത്തെ ഏകദിനം കൂടി ജയിച്ചാല്‍ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാം.

Top