വെസ്റ്റിന്റീസിനെതിരായ പരമ്പര തൂത്ത് വാരി ഇന്ത്യ:കൊഹ്ലിക്കും പന്തിനും അര്‍ധ സെഞ്ചുറി

ഗയാന: വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ. ഇന്നലെ നടന്ന മൂന്നാമത്തെ മല്‍സരത്തിലും ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.

വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം, അഞ്ചുപന്ത് ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഫോമിലേക്കു തിരിച്ചെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന്റെയും ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുടെയും തകര്‍പ്പന്‍ ഫിഫ്ടിയാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്.

മൂന്നാം വിക്കറ്റില്‍ കോഹ്‌ലിയും പന്തും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് ഇന്ത്യയുടെ വിജയം ഉറപ്പാക്കുകയും ചെയ്തു. 45 പന്തില്‍ ആറു ബൗണ്ടറി സഹിതം കൊഹ്ലി 59 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 42 പന്തില്‍ നാലു ബൗണ്ടറിയും നാലു സിക്സും സഹിതം ഋഷഭ് പന്ത് 65 റണ്‍സോടെ പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 146 റണ്‍സെടുത്തത്. 14 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകര്‍ച്ചയിലേക്കു നീങ്ങിയ വിന്‍ഡീസിന്, മധ്യനിര താരം കിരണ്‍ പൊള്ളാര്‍ഡിന്റെ അര്‍ധസെഞ്ചുറിയാണ് തണലായത്. പൊള്ളാര്‍ഡ് 45 പന്തില്‍ ഒരു ബൗണ്ടറിയും ആറു സിക്സും സഹിതം 58 റണ്‍സെടുത്തു.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റൂവന്‍ പവ്വലാണ് വിന്‍ഡീസ് സ്‌കോര്‍ 150ന് അടുത്തെത്തിച്ചത്. പവല്‍ 20 പന്തില്‍ ഒരു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 32 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നിക്കോളാസ് പുരാന്‍ (23 പന്തില്‍ 17), ക്യാപ്റ്റന്‍ കാര്‍ലോസ് ബ്രാത്വയ്റ്റ് (ഏഴു പന്തില്‍ 10) എന്നിവരും വിന്‍ഡീസ് നിരയില്‍ രണ്ടക്കം കടന്നു. നവ്ദീപ് സെയ്നി നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി രണ്ടും അരങ്ങേറ്റ മല്‍സരം കളിച്ച രാഹുല്‍ ചാഹര്‍ മൂന്ന് ഓവറില്‍ 23 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.

ഹിറ്റ്മാന്‍ രോഹിത്ത് ശര്‍മയ്ക്ക് വിശ്രമം നല്‍കിയാണ് ടീം ഇന്ത്യ ഇറങ്ങിയത്. കെ എല്‍ രാഹുല്‍ 20 റണ്‍സെടുത്തും ധവാന്‍ മൂന്ന് റണ്‍സെടുത്തും പുറത്തായി. കരീബിയന്‍സിനായി ഓഷാനെ തോമസ് രണ്ടും ഫാബിയന്‍ അലന്‍ ഒരു വിക്കറ്റും വീഴ്ത്തി.

Top