കോല്‍ക്കത്ത: ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ 109 റണ്‍സിനു എറിഞ്ഞൊതുക്കി ഇന്ത്യയുടെ ചുണകുട്ടികള്‍. നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് വിന്‍ഡീസ് ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്.
ഫാബിയന്‍ അലനും (25) കീമോ പോളും (പുറത്താകാതെ 15) വാലറ്റത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് വിന്‍ഡീസിനെ രക്ഷിച്ചത്. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 24 റണ്‍സെടുത്തു.
ഖാരി പിയറുമൊത്ത് ഒമ്പതാം വിക്കറ്റില്‍ കീമോ പോള്‍ 22 റണ്‍സും എടുത്തു. സ്റ്റാര്‍ബാറ്റ്‌സ്മാന്‍മാരായ ഡാരന്‍ ബ്രാവോ (5), കീറണ്‍ പൊള്ളാര്‍ഡ് (14) എന്നിവര്‍ക്കൊന്നും കാര്യമായ റണ്‍സ് നേടാനായില്ല.
കുല്‍ദീപ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവ്, ജസ്പ്രീത് ബുംമ്ര, ഖലീല്‍ അഹമ്മദ്, കൃണാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റുവീതം വീഴ്ത്തി.
വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 110 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും(6), ശീഖര്‍ ധവാനെയും(3) തുടക്കത്തിലെ പുറത്താക്കി ഓഷാനെ തോമസാണ് ഇന്ത്യയെ ഞെട്ടിച്ചത്. രോഹിത്തിനെ തോമസ് വിക്കറ്റ് കീപ്പര്‍ ദിനേശ് രാംദിന്റെ കൈകളിലെത്തിച്ചപ്പോള്‍ ധവാന്‍ തോമസിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി.