കട്ടക്ക്: അരങ്ങേറ്റം ഗംഭീരമാക്കി ടീം ഇന്ത്യയുടെ നവ്ദീപ് സെയ്നി. കട്ടക്കില്‍ വിന്‍ഡീസിനെ പ്രതിരോധത്തിലാക്കിയാണ് സെയ്നി താരമായത്.
32 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റിന് 145 റണ്‍സെന്ന നിലയിലാണ് വിന്‍ഡീസ്. നായകന്‍ കീറോണ്‍ പൊള്ളാര്‍ഡും(0*), നിക്കോളാസ് പുരാനും(5) ആണ് ക്രീസില്‍. മുഹമ്മദ് ഷമിയും ഷാര്‍ദുല്‍ ഠാക്കൂറും കുല്‍ദീപ് യാദവും അടക്കമുള്ള ബൗളര്‍മാരെ സാവധാനം നേരിട്ടാണ് വിന്‍ഡീസ് തുടങ്ങിയത്. ആദ്യ വിക്കറ്റില്‍ ലൂയിസും ഹോപും 57 റണ്‍സ് ചേര്‍ത്തു.
ജഡേജയുടെ 15-ാം ഓവറിലെ അവസാന പന്തില്‍ സിക്സറിന് ശ്രമിച്ച ലൂയിസിനെ അതിര്‍ത്തിയില്‍ സെയ്നി തടുത്തു. 21 റണ്‍സാണ് ലൂയിസ് നേടിയത്. ഇതിനിടെ ഏകദിനത്തില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു ഹോപ്.
ഒടുക്കം ക്രീസില്‍ ഒന്നിച്ച ചേസ്-ഹെറ്റ്മയര്‍ സഖ്യം ഇന്നിംഗ്സിന്റെ വഴി മാറ്റി. എന്നാല്‍ ഇരുവരുടെയും സഖ്യം പൊളിച്ച സെയ്നി ഹെറ്റ്മെയറെ കുല്‍ദീപിന്റെ കൈകളിലെത്തിച്ചു. ഹെറ്റ്മെയര്‍ നേടിയത് 33 പന്തില്‍ 37 റണ്‍സ്. രണ്ട് ഓവറുകളുടെ ഇടവേളയില്‍ ചേസിനെ(38) സെയ്നി ബൗള്‍ഡാക്കി.
പേസര്‍ നവ്ദീപ് സെയ്നിക്ക് ഏകദിന അരങ്ങേറ്റത്തിന് അവസരം നല്‍കിയാണ് ഇന്ത്യയിറങ്ങിയത്. പരമ്പര ജേതാക്കളെ നിശ്ചയിക്കുന്ന നിര്‍ണായക മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സെയ്നി ടീമിലെത്തിയത് ഒഴിച്ചാല്‍ മറ്റ് മാറ്റങ്ങളൊന്നും ഇന്ത്യന്‍ ടീമിലില്ല. ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് സമനില പാലിക്കുകയാണ്. ഇന്നത്തെ മത്സരം വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.