മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയതില്‍ പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി. രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് വലിയ ബഹുമതിയാണ്. രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറി 10 വര്‍ഷമായെങ്കിലും ഇവിടെ ഞാനെന്തെങ്കിലും ചെയ്തുവെന്ന തോന്നല്‍ എനിക്കില്ല.
രാജ്യാന്തര ക്രിക്കറ്റില്‍ രാജ്യത്തിനായി നേടുന്ന ഓരോ റണ്ണിനും ഇപ്പോഴും നമ്മള്‍ കഠിനാധ്വാനം ചെയ്‌തേ പറ്റു. അതിനായി ഒരോവറില്‍ ആറുതവണ ക്രീസിലേക്ക് ഡൈവ് ചെയ്യേണ്ടി വരികയാണെങ്കില്‍ ടീമിനായി ഞാനതിനും തയാറാണ്. അതിനാണ് രാജ്യത്തിന് കളിക്കാനായി എന്നെ തെരഞ്ഞെടുത്തിരിക്കുന്നത്. അതുതന്നെയാണ് എന്റെ ജോലിയെന്നും കൊഹ്‌ലി പറഞ്ഞു.
ഞാന്‍ ക്ഷീണിതനാണ്. ഇനി ഒരു റണ്‍കൂടി ഓടാന്‍ കഴിയില്ലെന്ന് ചിന്തിക്കലല്ല കാര്യം. ടീമിനായി എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്യുക എന്നതിലാണ് കാര്യമെന്നും കൊഹ്‌ലി കൂട്ടിച്ചേര്‍ത്തു.