ന്യൂഡല്‍ഹി: നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്റെ ആക്രമണത്തിന് തിരിച്ചടിക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ലഫ്. ജന. എ.കെ.ഭട്ട് പാക്ക് ഡിജിഎംഒയെ അറിയിച്ചു.
ഭീകരരുടെ നുഴഞ്ഞുകയറ്റത്തിനു പാക്ക് സേന സഹായം നല്‍കുന്നത് അതിര്‍ത്തി പ്രദേശങ്ങളിലെ സമാധാനത്തിനു ഭംഗം വരുത്തുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് അതിനു യോജിച്ച പ്രവര്‍ത്തനം ഉണ്ടാകണമെന്നും ലഫ്. ജന. ഭട്ട് ടെലിഫോണ്‍ സംഭാഷണത്തില്‍ പാക്ക് ഡിജിഎംഒ മേജര്‍ ജന.സഹീര്‍ ഷംസദ് മിര്‍സയെ ഓര്‍മിപ്പിച്ചു.
കശ്മീര്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം മുറുകുന്ന സാഹചര്യത്തിലാണു ഡിജിഎംഒമാര്‍ ചര്‍ച്ച നടത്തിയത്.
അതേസമയം, ജമ്മു-കശ്മീരിലെ ബനിഹാലില്‍ അതിര്‍ത്തിസേനയ്ക്കു നേരെ നടന്ന ഭീകരാക്രമണത്തില്‍ പങ്കെടുത്ത രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തട്ടിയെടുത്ത രണ്ടു സര്‍വീസ് റൈഫിളുകളും പൊലീസ് പിടിച്ചെടുത്തു.
ഗസനഫര്‍, ആരിഫ് എന്നീ ഭീകരരാണ് അറസ്റ്റിലായത്.
ഇവരും ആക്വിബ് വാഹിദ് എന്നയാളും ചേര്‍ന്നാണു സശസ്ത്ര സീമാബല്‍ ക്യാംപ് ആക്രമിച്ചത്. വാഹിദിനായി തിരച്ചില്‍ തുടരുന്നു.
മാത്രമല്ല, ജമ്മു, സാംബ ജില്ലകളിലെ രാജ്യാന്തര അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ഷെല്ലാക്രമണം ശക്തമാക്കിയതിനെ തുടര്‍ന്ന് 727 ഗ്രാമീണരെ പൊലീസ് സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയിരുന്നു.
പാക്ക് ഷെല്ലാക്രമണത്തില്‍ ആറുപേര്‍ക്കു പരുക്കേറ്റിരുന്നു.