കിമ്മിനെ അനുനയിപ്പിച്ചത് ചൈന, പിന്നിൽ . . ഇന്ത്യ നേട്ടമുണ്ടാക്കുമെന്ന ഭയവും കാരണം ! !

Donald Trump-Kim Jong-un

മോസ്‌കോ: കൊലവിളി നടത്തിയ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഒരു സുപ്രഭാതത്തില്‍ ബദ്ധവൈരിയായ അമേരിക്കയ്ക്ക് മുന്നില്‍ മുട്ടുമടക്കിയതും സ്വന്തം ആണവശാല തകര്‍ത്തതും ചൈനയുടെ പ്രേരണയില്‍.

അയല്‍ രാജ്യമായ ഉത്തര കൊറിയയില്‍ ഉണ്ടാകുന്ന എന്ത് അനിഷ്ട സംഭവങ്ങള്‍ക്കും വലിയ വില ചൈന നല്‍കേണ്ടി വരുമെന്ന തിരിച്ചറിവായിരുന്നു ഈ നീക്കത്തിന് പിന്നില്‍.

ദക്ഷിണ കൊറിയ, ജപ്പാന്‍ രാജ്യങ്ങളില്‍ വലിയ നാഷനഷ്ടം ഉണ്ടാക്കാന്‍ ഉത്തര കൊറിയക്ക് കഴിയുമെങ്കിലും സുശക്തമായ പ്രതിരോധ സംവിധാനമുള്ള അമേരിക്കയെ തൊടാന്‍ പോലും കഴിയില്ലന്ന യാഥാര്‍ത്ഥ്യം ചൈനക്ക് അറിയാമായിരുന്നു.

ഇതിന്റെ പരിണിത ഫലം ഉത്തര കൊറിയ എന്ന രാജ്യത്തിന്റെ സര്‍വ്വനാശമാകുമെന്നും വന്‍ തോതിലുള്ള അഭയാര്‍ത്ഥി പ്രവാഹം ചൈനയിലേക്കും ഉണ്ടാകുമെന്നും ചൈനീസ് ഭരണാധികാരികള്‍ ഭയപ്പെട്ടു.

Donald Trump-Kim Jong-un

ലോക രാഷ്ട്രങ്ങളില്‍ ഭൂരിപക്ഷത്തിന്റെയും പൊതുമനസ്സ് ഉത്തര കൊറിയക്ക് എതിരായതിനാല്‍ ആണവായുധം ഉപയോഗിക്കാന്‍ പോലും അമേരിക്ക മടിക്കില്ലന്നും അതിന്റെ പരിണിത ഫലം ചൈനയും അനുഭവിക്കേണ്ടി വരുമെന്നും അവര്‍ മനസ്സിലാക്കി.

ലോക രാജ്യങ്ങളില്‍ സാമ്പത്തികമായി വളര്‍ന്ന് കൊണ്ടിരിക്കുന്ന ചൈനയെ തകര്‍ക്കാന്‍ ഉത്തര കൊറിയ ‘ഓപ്പറേഷന്‍’ വഴി അമേരിക്കക്ക് എളുപ്പത്തില്‍ കഴിയുമെന്ന് റഷ്യന്‍ ചാരസംഘടന കെ.ജി.ബിയും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഏഷ്യന്‍ മേഖലയിലെ ചൈനയുടെയും പാക്കിസ്ഥാന്റെയും പ്രധാന ശത്രുവായ ഇന്ത്യയും അവസരം ഉപയോഗപ്പെടുത്തുമെന്ന ഭയവും ചൈനക്കുണ്ടായിരുന്നു. സാമ്പത്തിക ശക്തിയായ ചൈനയ്ക്ക് ഭീഷണിയാകുന്ന ഇന്ത്യന്‍ മുന്നേറ്റത്തിന് ഇത്തരമൊരു സാഹചര്യം ഏറെ ഗുണം ചെയ്യുമെന്നാണ് അവരുടെ ഭയം.

പാക്കിസ്ഥാന്‍ ആണ് ആണവ ടെക്നോളജി ഉത്തര കൊറിയക്ക് നല്‍കിയതെന്നതും ചൈന അതിര്‍ത്തിയില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും ഇന്ത്യയെ ചൊടിപ്പിച്ചതിനാല്‍ അവസരം കിട്ടിയാല്‍ ഇന്ത്യയും ‘കടുത്ത’ നടപടിയിലേക്ക് നീങ്ങുമെന്ന് തന്നെയാണ് ചൈനീസ് കണക്ക് കൂട്ടല്‍.

modi

ഇന്ത്യയുമായി അടുത്ത വാണിജ്യ ബന്ധമുള്ള ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈനയുടെ മറ്റൊരു പ്രധാന ശത്രു വിയറ്റ്നാം എന്നിവിടങ്ങളിലെ ഭരണാധികാരികളുമായുള്ള ഇന്ത്യന്‍ അധികൃതരുടെ ‘അപ്രതീക്ഷിത’ കൂടിക്കാഴ്ചകളിലെ ‘അപകടവും’ ചൈനീസ് ചാരക്കണ്ണുകള്‍ മുന്‍ കൂട്ടി കണ്ടു.

ഉത്തര കൊറിയ-അമേരിക്ക യുദ്ധമുണ്ടായാല്‍ റഷ്യ പോലും സൈനികമായ സഹായത്തിന് വരില്ലന്നും എല്ലാം ചൈന തന്നെ നേരിടേണ്ടി വരുമെന്നതും ചൈനീസ് ഭരണകൂടത്തെ ഏറെ അസ്വസ്ഥമാക്കിയ കാര്യമാണ്.

ഉത്തര കൊറിയയെ അമേരിക്ക കീഴടക്കിയാല്‍ ചൈനയുടെ മൂക്കിനു കീഴെ വലിയ അപകടമായി അത് മാറും. ലോക രാഷ്ട്രങ്ങളെ വിറപ്പിച്ച് നടക്കുന്ന ചൈനയെ സംബന്ധിച്ച് സ്വന്തം കുഴി തോണ്ടുന്നതിന് സമാനമായി മാറും ഈ നടപടി. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം തിരിച്ചറിഞ്ഞാണ് സമവായ ചര്‍ച്ചക്ക് ഉത്തര കൊറിയയെ ചൈന പ്രേരിപ്പിച്ചത്.

Donald Trump-Kim Jong-un

ഐക്യ രാഷ്ട്ര സഭയുടെ ഉപരോധം നില നില്‍ക്കുന്നതിനാല്‍ ഇനി ഉത്തരകൊറിയയെ സഹായിക്കുന്നതിലുള്ള ബുദ്ധി മുട്ടും ചൈന കിം ജോങ്ങ് ഉന്നിനെ അറിയിച്ചു. ഇതോടെയാണ് കിമ്മിന്റെ നിലപാടില്‍ മാറ്റമുണ്ടായത്.

ദക്ഷിണ കൊറിയയിലെ ഒളിംബിക്സ് അനുനയ നീക്കത്തിന് ഉപയോഗപ്പെടുത്താന്‍ ഉപദേശിച്ചതും ചൈനയാണ്. ഇതോടെയാണ് സഹോദരി യുടെ നേതൃത്വത്തിലുള്ള സംഘത്തെ കിം ദക്ഷിണ കൊറിയയിലേക്ക് അയച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ചൈനയില്‍ വച്ച് കിം നടത്തിയ ചര്‍ച്ചകളും ഉത്തര കൊറിയയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

ആണവ പരീക്ഷണശാല സ്വയം തകര്‍ത്ത് അമേരിക്കയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് പിന്നീട് ഉത്തര കൊറിയ തന്നെ പ്രഖ്യാപിച്ചു. ഇതോടെയാണ് സിംഗപ്പൂരിലെ ഉച്ച കൊടിക്ക് സാധ്യത തെളിഞ്ഞത്.

Donald Trump-Kim Jong-un

കൊച്ചു രാജ്യമാണെങ്കിലും ആണവ ശക്തിയായ ഉത്തര കൊറിയയുമായി യുദ്ധമുണ്ടായാല്‍ അമേരിക്കക്കും കെടുതികള്‍ അനുഭവിക്കേണ്ടി വരുമെന്നതിനാല്‍ ട്രംപും ചര്‍ച്ചക്ക് നിര്‍ബന്ധിതമായി.

ജപ്പാനും ദക്ഷിണ കൊറിയയും യുദ്ധം ഒഴിവാക്കണമെന്ന നിലപാടായിരുന്നു അമേരിക്കയെ അറിയിച്ചിരുന്നത്. ലോകത്തിന്റെ പൊതു വികാരവും അത് തന്നെയായിരുന്നു.

Donald Trump-Kim Jong-un

ചൈന എന്ത് പ്രതീക്ഷിച്ചോ അത് നടന്നിരിക്കുന്നു എന്നാണ് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ പ്രതികരിച്ചത്. ഉത്തരകൊറിയയെ ആണവനിരായുധീകരണത്തിന് പ്രേരിപ്പിക്കുന്നതില്‍ ചൈനയുടേത് മാത്രമായ സുപ്രധാന പങ്ക് തള്ളിക്കളയാന്‍ ആര്‍ക്കും കഴിയില്ലെന്നുള്ള വാങ് യീയുടെ വാദവും ‘അണിയറയിലെ രഹസ്യം’ പരസ്യമാക്കുന്നതാണ്. അമേരിക്കയുടെ സമ്മര്‍ദ്ദതന്ത്രം ഫലം കണ്ടു എന്നതില്‍ ട്രംപിനും അഭിമാനിക്കാം . .

Top