റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 307 റണ്‍സിന് പുറത്ത്. ഇംഗ്ലണ്ടിനേക്കാള്‍ 46 റണ്‍സിന്റെ പിന്നിലാണ് ഇന്ത്യ. ധ്രുവ് ജുറേലിന്റെ വീരോചിത പോരാട്ടമാണ് ഇന്ത്യയുടെ സ്‌കോര്‍ 300 കടത്തിയത്. കരിയറിലെ ഉയര്‍ന്ന സ്‌കോറുമായി ഇന്ത്യയ്ക്ക് വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തി. സെഞ്ച്വറിക്കരികെ 90 റണ്‍സുമായി പുറത്താകുമ്പോള്‍ താരത്തിന്റെ മുഖത്ത് കടുത്ത നിരാശ പ്രകടമായിരുന്നു.
ഒരു സിക്‌സ് ഉള്‍പ്പടെ ഒമ്പത് റണ്‍സുമായി ആകാശ് ദീപ് മടങ്ങി. ഇതോടെ ഷുഹൈബ് ബഷീര്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കി. പിന്നാലെ ടോം ഹാര്‍ട്ട്‌ലിയുടെ പന്തില്‍ ജുറേല്‍ ക്ലീന്‍ ബൗള്‍ഡായി. എങ്കിലും ഒരു ഘട്ടത്തില്‍ ഏഴിന് 177 എന്ന തകര്‍ന്ന ഇന്ത്യയെ 300 കടത്തിയാണ് ധ്രുവ് മടങ്ങുന്നത്.
ഏഴിന് 219 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗ് തുടങ്ങിയത്. ധ്രുവ് ജുറേലും കുല്‍ദീപ് യാദവും തമ്മിലുള്ള എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കുല്‍ദീപ് 131 പന്തില്‍ 28 റണ്‍സെടുത്ത് പുറത്തായി. അപ്പോള്‍ 49 റണ്‍സ് മാത്രമാണ് ജുറേലിന് ഉണ്ടായിരുന്നത്. ആകാശ് ദീപിനെ കൂട്ടുപിടിച്ച് പിന്നീട് ജുറേല്‍ ഒറ്റയാള്‍ പോരാട്ടം നടത്തി.