ആന്റിഗ്വെ: വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്.
ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് നേടിയിട്ടുണ്ട്.
143 റണ്‍സുമായി കോലിയും 22 റണ്‍സുമായി രവിചന്ദ്ര അശ്വിനുമാണ് ക്രീസില്‍. കോലിയുടെ ടെസ്റ്റ് കരിയറിലെ 12ാം സെഞ്ച്വറിയാണിത്.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. സ്‌കോര്‍ 14 ല്‍ നില്‍ക്കെ ഏഴ് റണ്‍സ് നേടിയ മുരളി വിജയ്യുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ഷാനോണ്‍ ഗബ്രിയിനാണ് വിക്കറ്റ്.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ധവാന്‍പുജാര സഖ്യം 60 റണ്‍സ് കൂട്ടിചേര്‍ത്തു. സ്‌കോര്‍ 74 ല്‍ നില്‍ക്കെ 16 റണ്‍സ് നേടിയ പുജാര ബിഷുവിന് വിക്കറ്റ് നല്‍കി മടങ്ങി.
മൂന്നാം വിക്കറ്റില്‍ ധവാന് കൂട്ടായി കോലി എത്തിയതോടെ മത്സരം ഇന്ത്യക്ക് അനുകൂലമായി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 105 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കി.
സ്‌കോര്‍ 174 ല്‍ നില്‍ക്കെ 84 റണ്‍സ് നേടിയ ധവാന്‍ ബിഷുവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 147 പന്ത് നേരിട്ട ധവാന്‍ ഒന്‍പത് ഫോറും ഒരു സിക്‌സറും നേടി.
പിന്നിടെത്തിയ അജിങ്ക്യ രഹാനെ 22 റണ്‍സ് നേടി നില്‍ക്കെ ബിഷുവിന് മൂന്നാം വിക്കറ്റ് നല്‍കി മടങ്ങി. ആറാമനായിറങ്ങിയ അശ്വിനെ (22) കൂട്ടുപിടിച്ച് വേര്‍പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ഇതുവരെ 66 റണ്‍സ് കോലി നേടി കഴിഞ്ഞു.
വെസ്റ്റിന്‍ഡീസ് ബൗളിങ് നിരയില്‍ ദേവേന്ദ്ര ബിഷു മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഷാനോണ്‍ ഗബ്രിയല്‍ ഒരു വിക്കറ്റ് നേടി.