കോവിഡ് പരിശോധന കിറ്റുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന് ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: മെയ് മാസത്തോടെ ഇന്ത്യയ്ക്ക് കോവിഡ് പരിശോധന കിറ്റുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. കിറ്റുകള്‍ നിര്‍മിക്കുന്നതിനുള്ള എല്ല നടപടികളും പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഐസിഎംആറില്‍ നിന്ന് അനുമതി നേടിയ ശേഷം ഉത്പാദനം ആരംഭിക്കും. മെയ് 31 നകം പ്രതിദിനം ഒരു ലക്ഷം ടെസ്റ്റുകള്‍ നടത്തുക എന്ന ലക്ഷ്യം പൂര്‍ത്തികരിക്കാന്‍ ഇത് ഇന്ത്യയെ സഹായിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യയില്‍ ഇപ്പോള്‍ നൂറിലധികം പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ് (പിപിഇ) നിര്‍മ്മാതാക്കള്‍ ഉണ്ടെന്നും കൊറോണ വൈറസ് രോഗികള്‍ക്ക് ഫലപ്രദമായ ചികിത്സയ്ക്കായി രാജ്യം വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തെ 80 ജില്ലകളില്‍ കോവിഡ് -19 കേസുകള്‍ പുതുതായി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് ഇതുവരെ 29,435 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുപ്രകാരം 934 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

Top