പത്ത് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ മൂന്നാമത്ത വലിയ സാമ്പത്തികശക്തിയായി ഇന്ത്യ മാറുമെന്ന്‌ എച്ച്എസ്ബിസി

india

മുംബൈ: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ജപ്പാനെയും ജര്‍മ്മനിയെയും കടത്തിവെട്ടി ഇന്ത്യ ലോകത്തിലെ മൂന്നാമത്ത വലിയ സാമ്പത്തികശക്തിയാകുമെന്ന് ബ്രിട്ടീഷ് ബ്രോക്കറേജ് കമ്പനിയായ എച്ച്എസ്ബിസി.

മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് പരിഷ്‌കരണങ്ങളില്‍ സ്ഥിരത നിലനിര്‍ത്തുകയും സാമൂഹിക മേഖലകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും വേണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്.

ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലുള്ള ചെലവിടല്‍ സാമ്പത്തിക വളര്‍ച്ചയ്ക്കും രാഷ്ട്രീയ സ്ഥിരത ഉറപ്പുവരുത്തുന്നതിനും കൂടിയുള്ളതാണെന്നാണ് എച്ച്എസ്ബിസി വിലയിരുത്തുന്നത്.

വിശാലമായ ബിസിനസ് സൗഹൃദാന്തരീക്ഷമൊരുക്കുന്നതിലും ഇന്ത്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ജനസംഖ്യയും സുസ്ഥിര വളര്‍ച്ച അടയാളപ്പെടുത്താനുള്ള കഴിവുമാണ് രാജ്യത്തിന്റെ ശക്തിസ്രോതസ്സുകളായി എച്ച്എസ്ബിസി ബ്രോക്കറേജ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഏഴ് ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സാമ്പത്തിക ശക്തിയാകുമെന്നാണ് എച്ച്എസ്ബിസി കണക്കൂകൂട്ടുന്നത്. 2016-2017 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് നിലവില്‍ ഇന്ത്യയുടെ ജിഡിപി ഏകദേശം 2.3 ട്രില്യണ്‍ ഡോളറാണ്.

ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തികശക്തിയാണ് ഇപ്പോള്‍ ഇന്ത്യ.

എന്നാല്‍, മുന്‍ വര്‍ഷത്തെ 7.1 ശതമാനത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ വേഗം കുറവായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏകീകൃത ചരക്ക് സേവന നികുതി നയം നടപ്പിലാക്കിയതാണ് ഇതിനു കാരണമായി വിലയിരുത്തിയിട്ടുള്ളത്. ജിഡിപിയില്‍ അടുത്ത വര്‍ഷത്തോടെ ഉണര്‍വ് പ്രകടമാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

Top