ബ്രിജ്‍ടൗൺ : നാലു മാസം നീണ്ട ഇടവേളയ്ക്കുശേഷം രാജ്യാന്തര ഏകദിനത്തിന് ഇറങ്ങുന്ന ഇന്ത്യയ്ക്ക്, വെസ്റ്റിൻഡീസിനെതിരായ ആദ്യ മത്സരത്തിൽ ടോസ്. ഇന്ത്യൻ നായകൻ രോഹിത് ശർമ വിൻഡീസിനെ ബാറ്റിങ്ങിന് അയച്ചു. ബ്രിജ്ടൗണിലെ കെൻസിങ്ടൻ ഓവലിലാണ് മത്സരം. ഇന്ത്യയ്ക്കായി മുകേഷ് കുമാർ ഇന്ന് ഏകദിന അരങ്ങേറ്റം കുറിക്കും. വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ മുകേഷ് കുമാർ ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസണിന് ടീമിൽ ഇടമില്ല. ഇഷാൻ കിഷനാണ് വിക്കറ്റ് കീപ്പർ.
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ഷാർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്ക്, മുകേഷ് കുമാർ
വെസ്റ്റിൻഡീസ്: ബ്രാണ്ടൻ കിങ്, കൈൽ മയേഴ്സ്, അലിക് അത്താനസ്, ഷായ് ഹോപ്പ് (ക്യാപ്റ്റൻ), ഷിമ്രോൺ ഹെറ്റ്മെയർ, റൂവ്മൻ പവൽ, റൊമാരിയോ ഷെഫേർഡ്, യാന്നിക് കാരിയ, ഡൊമിനിക് ഡ്രേക്സ്, ജയ്ഡെൻ സീൽസ്, ഗുദാകേശ് മോത്തി.
ദീർഘമായ ഇടവേളയ്ക്കു ശേഷം ഏഷ്യാ കപ്പിനും ലോകകപ്പിനും മുൻപ് ഇന്ത്യയ്ക്ക് ഈ ഫോർമാറ്റിലേക്കും കളിക്കാർക്ക് ഫോമിലേക്കും തിരിച്ചെത്താനുള്ള അവസരമാണ് വെസ്റ്റിൻഡീസിനെതിരായ മൂന്നു മത്സര ഏകദിന പരമ്പര. ട്വന്റി20യിലെ ഉജ്വല ഫോം ഏകദിനത്തിൽ ആവർത്തിക്കാനാവാതെ പോകുന്ന സൂര്യകുമാർ യാദവിനും ഋഷഭ് പന്തിന്റെയും കെ.എൽ.രാഹുലിന്റെയും അസാന്നിധ്യത്തിൽ വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി പൊരുതുന്ന സഞ്ജു സാംസണും ഇഷൻ കിഷനുമെല്ലാം പരമ്പര നിർണായകമാണ്.
ഓസ്ട്രേലിയയ്ക്കെതിരെ തുടരെ മൂന്നു മത്സരങ്ങളിൽ ഗോൾഡൻ ഡക്കായ സൂര്യകുമാർ പിന്നീട് ഐപിഎലിലൂടെ ഫോം വീണ്ടെടുത്തെങ്കിലും ഏകദിന ടീമിലെ നാലാം നമ്പർ സ്ഥാനത്ത് ശ്രേയസ് അയ്യരെ പിന്തള്ളി സ്ഥിരം സ്ഥാനം നേടണമെങ്കിൽ മികച്ച പ്രകടനം തന്നെ വേണം. പരുക്കു മൂലം ശ്രേയസ് ഈ പരമ്പരയ്ക്കില്ല. രോഹിത് ശർമയും ശുഭ്മൻ ഗില്ലും ഏറക്കുറെ ഉറപ്പിച്ച ഓപ്പണിങ് സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കണമെങ്കിൽ ഋതുരാജ് ഗെയ്ക്‌വാദും കിട്ടുന്ന അവസരങ്ങളിൽ അദ്ഭുത പ്രകടനം നടത്തേണ്ടി വരും.
ഏകദിന ലോകകപ്പിന് യോഗ്യത നേടാനാവാതെ പോയ വിൻഡീസിന് ആത്മാഭിമാനം വീണ്ടെടുക്കാനുള്ള അവസരമാണ് ഈ പരമ്പര. ഷിമ്രോൺ ഹെറ്റ്മയർ, ഒഷെയ്ൻ തോമസ് എന്നിവരുടെ തിരിച്ചുവരവ് അവർക്കു കരുത്തേകും.