ന്യൂഡല്‍ഹി: പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാന്‍ മിന്നലാക്രമണത്തെക്കാള്‍ മികച്ചതും ഫലപ്രദവുമായ മാര്‍ഗങ്ങളുണ്ടെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യന്‍ സൈന്യം അപരിഷ്‌കൃതമല്ലെന്നും അതുകൊണ്ടു തന്നെ സൈന്യത്തിന് ആരുടെയും തലകള്‍ എടുക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞു കൊണ്ട് മെയ് ഒന്നിന് രണ്ട് ഇന്ത്യന്‍ സൈനികരുടെ മുഖം വികൃതമാക്കിയ പാക് നടപടിയെ അദ്ദേഹം വിമര്‍ശിച്ചു.
ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ച ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീനിനെ പാക്കിസ്ഥാന്‍ പിടികൂടുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ്.
കശ്മീര്‍ പ്രശ്‌നത്തിനുള്ള ഏക പരിഹാരം താഴ്‌വരയില്‍ സമാധാനം കൊണ്ടുവരിക എന്നതാണെന്നും അതിനായി സൈന്യം ശ്രമിക്കുന്നുണ്ടെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ അക്രമം ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്ത കരസേനാ മേധാവി ഏറ്റുമുട്ടലിനിടയില്‍ സാധാരണക്കാരായ ജനങ്ങള്‍ അതില്‍ പെടുന്നത് ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു.
കശ്മീരിലെ യുവജനതയെ അക്രമത്തിന്റെ പാതയില്‍ നിന്നും സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ശ്രമം നടക്കുന്നതായി റാവത്ത് അറിയിച്ചു.