രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കാന്‍ നോക്കിയാല്‍ ഇരട്ടിയായി തിരിച്ചടിക്കും; മോദി

modi

ന്യൂഡല്‍ഹി: ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള എന്തെങ്കിലും ഇടപെടല്‍ ഉണ്ടായാല്‍ ഇരട്ടിയായി തിരിച്ചടിയ്ക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി. സുഭാഷ് ചന്ദ്രബോസിന്റെ ആസാദ് ഹിന്ദ് പ്രഖ്യാപന വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. നേതാജിയെ അവഗണിച്ച കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെ കാര്യം മാത്രം നോക്കുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. സേനാംഗങ്ങളുടെ സേവനങ്ങളെക്കുറിച്ച് വികാരാധീനനായിട്ടാണ് മോദി സംസാരിച്ചത്.

സൈനികര്‍ക്ക് അത്യാധുനിക ആയുധങ്ങളും സംവിധാനങ്ങളും ഒരുക്കുന്നതില്‍ സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. അവരുടെ ജീവനും ജീവിതത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയതും സര്‍ജ്ജിക്കല്‍ സട്രൈക്കിന് ഉത്തരവിട്ടതും സര്‍ക്കാരിന്റെ നേട്ടമാണെന്ന് മോദി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന ഏതൊരു ശക്തിയെയും ഇരട്ടി ശക്തിയോടെ നേരിടും. രാജ്യത്തിനകത്തും പുറത്തും സൈന്യത്തിനു നേരെ ആക്രമണം നടത്തുന്നവര്‍ രാജ്യത്തിനെതിരെയും ഭരണഘടനയ്‌ക്കെതിരെയുമാണ് പ്രവര്‍ത്തിക്കുന്നത്. നിലവിലെ സര്‍ക്കാര്‍ സ്ത്രീകളെ ആര്‍മിയില്‍ ഉള്‍പ്പെടുത്തണമെന്ന സുഭാഷ് ചന്ദ്ര ബോസിന്റെ സ്വപ്ന സാക്ഷാല്‍ക്കാരത്തിനായി എല്ലാവിധ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.

11,000 കോടി രൂപ ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതിയ്ക്കായി അനുവദിച്ചു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി അറിയിച്ചു.

Top