2022 ലെ ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും

ന്യൂഡല്‍ഹി: 2022 ലെ ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. അര്‍ജന്റീനയില്‍ നടക്കുന്ന ഉച്ചകോടിയിലാണ് മോദി ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷമാണ് 2022. ആ വര്‍ഷം ഉച്ചകോടിക്ക് വേദിയൊരുക്കാന്‍ അവസരം നല്‍കണമെന്ന അഭ്യര്‍ഥന എല്ലാവരും അംഗീകരിച്ചു. ലോക നേതാക്കളെയെല്ലാവരെയും 2022 ലെ ഉച്ചകോടിയിലേക്ക് ക്ഷണിക്കുകയാണെന്നും മോദി പറഞ്ഞു.

അതേസമയം ഇന്ത്യയുടെ റിപബ്ലിക് ദിനാഘോഷ പരിപാടികളില്‍ മുഖ്യാതിഥിയായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാംപോസ എത്തും.

ജി20 ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിനെ റിപബ്ലിക് ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിച്ചത്.

2014 മുതല്‍ 2018 വരെ ദക്ഷിണാഫ്രിക്കയുടെ ഡെപ്യൂട്ടി പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നയാളാണ് ഗാന്ധിയന്‍ ആശയങ്ങള്‍ പിന്തുടരുന്ന റാംപോസ. നേരത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയുടെ ക്ഷണം നിരസിച്ചിരുന്നു.

Top