ഗുവാഹത്തി: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ട്വന്റി 20 മൽസരത്തിന് ഇന്ത്യ ഇന്നിറങ്ങും.രണ്ടാം മൽസരത്തിനിറങ്ങുന്ന ഇന്ത്യ ലക്ഷ്യമിടുന്നത് സീസണിലെ മറ്റൊരു പരമ്പര വിജയമാണ്.
ഏകദിന പരമ്പരയിലെ 4–1ന് സ്വന്തമാക്കിയതിനു പിന്നാലെ മഴ പാതി കളി കവർന്ന ആദ്യ ട്വന്റി 20യിലും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു.
തോൽവികളിൽ വശംകെട്ട് മറുഭാഗത്തു നിൽക്കുന്ന ഓസീസിന് ഈ മൽസരത്തിൽ വിജയം കൂടിയേ തീരൂ. വൈകിട്ട് ഏഴിനാണ് മൽസരം.
റിസ്റ്റ് സ്പിന്നർമാരായ യുസ്‌വേന്ദ്ര ചാഹലും കുൽദീപ് യാദവുമാണ് ഇന്ത്യയും ഓസീസും തമ്മിലുള്ള വ്യത്യാസം. നാല് ഏകദിനങ്ങളിൽനിന്നും ഒരു ട്വന്റി 20യിൽ നിന്നുമായി ഇരുവരും പിഴുതത് 16 വിക്കറ്റുകൾ.
16 റൺസ് വഴങ്ങി രണ്ടു വിക്കറ്റു നേടിയ കുൽദീപായിരുന്നു ആദ്യ ട്വന്റി 20 മൽസരത്തിലെ മാൻ ഓഫ് ദ മാച്ച്.
വമ്പനടിക്കാരനായ ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്‍വെല്ലിനെ പരമ്പരയിൽ നാലുതവണ വീഴ്ത്തിയത് ചഹാലിന്റെ പന്തുകളാണ്.
ടീമുകളിൽ വലിയ മാറ്റങ്ങൾക്കു സാധ്യതയില്ല. ഏറെക്കാലത്തിനുശേഷം ടീമിലേക്കു തിരിച്ചെത്തിയ ആശിഷ് നെഹ്റയ്ക്ക് ഇന്ന് അവസരം നൽകിയേക്കും. പരുക്കേറ്റ സ്റ്റീവ് സ്മിത്ത് ഇന്നും ഓസീസ് ടീമിലില്ല.