ഡൽഹി: കനേഡിയൻ പൗരന്മാർക്കുള്ള വീസ സേവനങ്ങൾ ഇന്ത്യ ഇന്നുമുതൽ പുനരാരംഭിക്കും. കാനഡയിൽ ഉള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ വിലയിരുത്തിയ ശേഷമാണ് വീസ സേവനങ്ങൾ പുനരാരംഭിക്കാൻ തീരുമാനമെടുത്തത്. ടൂറിസ്റ്റ്, മെഡിക്കൽ, ബിസിനസ്, കോൺഫറൻസ് വീസകളാണ് പുനരാരംഭിക്കുക. സാഹചര്യം കൂടുതൽ വിലയിരുത്തിയ ശേഷം ഉചിതമായ തീരുമാനങ്ങൾ തുടർന്ന് കൈക്കൊള്ളുമെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
ഖാലിസ്ഥാൻ നേതാവ് ഹർദീപ്സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന്റെ പേരിൽ ഉണ്ടായ നയതന്ത്ര സംഘർഷത്തിന്റെ ഭാഗമായി, കഴിഞ്ഞ മാസമാണ് കനേഡിയൻ പൗരന്മാർക്കുള്ള വീസ സേവനങ്ങൾ ഇന്ത്യ നിർത്തിവെച്ചത്. അതേസമയം ഖാലിസ്ഥാൻ ഭീകരവാദത്തിന് സഹായം നൽകുന്ന വിഷയത്തിൽ കാനഡയ്ക്കെതിരെ FATF നെ സമീപിക്കനാണ് ഇന്ത്യയുടെ നീക്കം.
അതേസമയം, 2023 സെപ്റ്റംബറിൽ വിവിധ വഴികളിലൂടെ അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിച്ചതിന് പിടിയിലായത് 8,076 ഇന്ത്യക്കാരാണ്. യുഎസിലെ നിയമ നിർവ്വഹണ ഏജൻസികളാണ് അനധികൃതമായി രാജ്യത്തേക്ക് കയറാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തത്. പിടിയിലായ 8,076 ഇന്ത്യക്കാരിൽ കാനഡ വഴി മാത്രം യുഎസിലേക്ക് കടക്കാൻ ശ്രമിച്ചത് 3,059 പേരാണ്. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌ഷനിൽ നിന്ന് ലഭിച്ച കണക്കാണിത്.