ലോകത്തെ അഞ്ചാമത്തെ സമ്പദ്ഘടനയാണ് ഇന്ത്യയുടെതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Narendra modi

ന്യൂഡല്‍ഹി: ലോകത്തെ അഞ്ചാമത്തെ സമ്പദ്ഘടനയാണ് ഇന്ത്യയുടെതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഊര്‍ജ്ജം വാങ്ങലിലൂടെ ലോകത്തെ മൂന്നാമത്തെ സമ്പദ്ഘടനയുമാണെന്നും മോദി പറഞ്ഞു. രണ്ടാമത് ഇന്ത്യ-കൊറിയ ബിസിനസ്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് നിക്ഷേപം നടത്തുവാനും മോദി കൊറിയയെ ക്ഷണിച്ചു. 2016 ജൂണിലെ തന്റെ കൊറിയ സന്ദര്‍ശനത്തിന് ശേഷം രണ്ടുവര്‍ഷത്തിനുള്ളില്‍ 100 കൊറിയന്‍ നിക്ഷേപങ്ങള്‍ ഇന്ത്യയിലുണ്ടായതായും അദ്ദേഹം പറഞ്ഞു. ലോകത്ത് വളരെ കുറച്ച് രാജ്യങ്ങളില്‍ മാത്രമെ സമ്പദ് വ്യവസ്ഥയ്ക്ക് ആവശ്യമായ ‘ജനാധിപത്യം, ജനസംഖ്യ, ആവശ്യം’ എന്നിവയുള്ളു. ഇവ മൂന്നും ഇന്ത്യയിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയും കൊറിയയും തമ്മില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സൗഹൃദമുണ്ട്. നമ്മുടെ ബുദ്ധിസ്റ്റ് പാരമ്പര്യം അതിരുകള്‍ക്കപ്പുറമുള്ളതാണ്. നൊബേല്‍ ജേതാവായ രവീന്ദ്രനാഥ ടാഗോര്‍ 1929ല്‍ എഴുതിയ ‘കിഴക്കിന്റെ വെളിച്ചം’ എന്ന കവിത കൊറിയയുടെ ശ്രേഷ്ഠമായ പാരമ്പര്യത്തെക്കുറിച്ചും തിളങ്ങുന്ന ഭാവിയെക്കുറിച്ചുള്ളതുമാണെന്നും മോദി ചൂണ്ടിക്കാട്ടി.

വ്യാപാരത്തിലൂടെയും നിക്ഷേപത്തിലൂടെയുമുള്ള പ്രത്യേക നയതന്ത്ര ബന്ധത്തെക്കുറിച്ച് ചര്‍ച്ചചെയ്യാനാണ് ഉച്ചകോടി. 200 വ്യവസായ പ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

Top