ജനീവ: ഈ വര്‍ഷം പകുതിയോടെ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് റിപ്പോര്‍ട്ട്. 2023 പകുതിയോടെ ഇന്ത്യയിലെ ജനസംഖ്യ 142.86 കോടി ആകുമെന്നാണ് യുണൈറ്റഡ് നേഷന്‍സ് പോപുലേഷന്‍ ഫണ്ടിന്റെ (യുഎന്‍എഫ്പിഎ) ഏറ്റവും പുതിയ ഡാറ്റയില്‍ പറയുന്നത്.
142.57 കോടിയാണ് ചൈനയിലെ ജനസംഖ്യയെന്നും ഇതില്‍ പറയുന്നു. 2022-ല്‍ 144.85 കോടിയായിരുന്നു ജനസംഖ്യ.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ ജനസംഖ്യയില്‍ 1.56 ശതമാനം വളര്‍ച്ചയുണ്ട്. 2022ല്‍ ഇന്ത്യയിലെ ജനസംഖ്യ 140.66 കോടി ആയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്ത് അമേരിക്കയാണ്. 2023 മധ്യത്തോടെ 34 കോടി ജനസംഖ്യയാണ് അമേരിക്കയില്‍ പ്രതീക്ഷിക്കുന്നത്.
മുന്‍ വര്‍ഷങ്ങളിലെ രേഖകള്‍ അടിസ്ഥാനമാക്കുമ്പോള്‍ ഈ മാസം തന്നെ ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ അതിന് കൃത്യത ഇല്ലാത്തത് ചൈനയിലേയും ഇന്ത്യയിലേയും സെന്‍സസ് വിവരങ്ങള്‍ക്ക് വ്യക്തയില്ലാത്തതാണെന്നും യുഎന്‍ വൃത്തങ്ങള്‍ പറയുന്നു. 2011-ലാണ് ഇന്ത്യയില്‍ ഏറ്റവും അവസാനമായി സെന്‍സസ് നടന്നത്. 2021-ല്‍ നടക്കേണ്ട സെന്‍സസ് അനിശ്ചിതമായി നീണ്ടുപോകുകയാണ്.
ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്നില്‍ രണ്ടും 15നും64 നും ഇടയിലുള്ളവരാണെന്നും യുഎന്‍ ഡാറ്റയില്‍ പറയുന്നു. ഇന്ത്യന്‍ പുരുഷന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 71 ഉം സ്ത്രീയുടേത് 74 ആണെന്നും ഇതില്‍ ചൂണ്ടിക്കാട്ടുന്നു.