ദുബായ്: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോളില്‍ ഇന്ത്യ ഇന്ന് യുഎഇയെ നേരിടും. ദുബായില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്കാണ് കളി തുടങ്ങുക. ഒമാനെതിരെ പൊരുതി നേടിയ ജയത്തിനോളം പോന്ന സമനിലയുടെ ആത്മവിശ്വാസവുമായാണ് ടീം ഇന്ത്യ വീണ്ടും ബൂട്ടണിയുന്നത്.
സെല്‍ഫ് ഗോള്‍ വഴങ്ങിയിട്ടും മന്‍വീര്‍ സിംഗിന്റെ ഗോളിലൂടെയാണ് ഒമാനെതിരെ ഇന്ത്യ സമനില പിടിച്ചെടുത്തത്. യുവനിരയെ പരീക്ഷിക്കുന്ന കോച്ച് ഇഗോര്‍ സ്റ്റിമാക്ക് ഒമാനെതിരെ മലയാളിതാരം മഷൂര്‍ ഷെരീഫ് ഉള്‍പ്പെടെ 10 താരങ്ങള്‍ക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കിയിരുന്നു.
ഫിഫ റാങ്കിംഗില്‍ യുഎഇ 74ഉം ഇന്ത്യ 104ഉം സ്ഥാനങ്ങളിലാണ്. മുപ്പത് റാങ്ക് മുന്നിലുള്ള യുഎഇക്കെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ വെല്ലുവിളി കൂടുമെങ്കിലും പരീക്ഷണം തുടരുമെന്ന് കോച്ച് വ്യക്തമാക്കിക്കഴിഞ്ഞു. ഒമാനെതിരെ ക്യാപ്റ്റനായിരുന്ന സന്ദേശ് ജിംഗാന് വിശ്രമം നല്‍കും. അമരീന്ദര്‍ സിംഗിന് പകരം ഗോള്‍വലയത്തിന് മുന്നിലെത്തുന്ന ഗുര്‍പ്രീത് സിംഗ് സന്ധുവാകും ഇന്ത്യയെ നയിക്കുക.