ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആശ്വാസ ജയം. രണ്ട് ടെസ്റ്റുകള്‍ പരാജയപ്പെട്ട് പരമ്പര നഷ്ടമായ ഇന്ത്യ മൂന്നാം ടെസ്റ്റില്‍ 63 റണ്‍സിനാണ് വിജയിച്ചത്.
അഞ്ചുവിക്കറ്റുമായി ദക്ഷിണാഫ്രിക്കന്‍ വാലറ്റത്തെ അരിഞ്ഞുതള്ളിയ മുഹമ്മദ് ഷമിയാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 177 ന് എല്ലാവരും പുറത്തായി. ഷമിക്ക് പുറമേ ഇശാന്ത് ശര്‍മ്മയും ബുംറയും രണ്ടുവിക്കറ്റുകള്‍ വീതം നേടി ഷമിക്ക് പിന്തുണ നല്‍കി. ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റ് നേടി.
നാലാം ദിനം ഒരു വിക്കറ്റിന് 17 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കക്ക് ഡീന്‍ എല്‍ഗാറിന്റെയും (86) ഹാഷിം ആംലയുടേയും (52) കരുത്തില്‍ മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാല്‍ സ്‌കോര്‍ 124 നില്‍ക്കെ അംലയെ ഇശാന്ത് ശര്‍മ്മ പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ച തുടങ്ങുകയായിരുന്നു.
86 റണ്‍സോടെ എല്‍ഗര്‍ ഒരു വശത്ത് പുറത്താവാതെ നിന്നെങ്കിലും ആര്‍ക്കും പിന്തുണ നല്‍കാനായില്ല. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ആംലയും എല്‍ഗറും ഫിലാന്‍ഡറും ഒഴിക്കെ മറ്റാര്‍ക്കും രണ്ടക്ക സംഖ്യ കടക്കാനായില്ല.