എ.എഫ്.സി അണ്ടര്‍ 23 ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം

ദുബായ്: എ.എഫ്.സി അണ്ടര്‍ 23 ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. കിര്‍ഗിസ്താനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ച ഇന്ത്യ ഗ്രൂപ്പ് ഇയില്‍ രണ്ടാം സ്ഥാനക്കാരായി. യു.എ.ഇ.യാണ് ഗ്രൂപ്പ് ജേതാക്കള്‍. എന്നാല്‍, ഈ ജയത്തോടെ ഇന്ത്യയ്ക്ക് ഫൈനല്‍ റൗണ്ട് ഉറപ്പായിട്ടില്ല.

ഗ്രൂപ്പ് ജേതാക്കള്‍ക്ക് മാത്രമാണ് നേരിട്ട് എന്‍ട്രി. പതിനൊന്ന് ഗ്രൂപ്പുകളിലെ മികച്ച നാല് രണ്ടാം സ്ഥാനക്കാര്‍ക്കും യോഗ്യത ലഭിക്കും. എന്നാല്‍, ഗ്രൂപ്പിലെ മൂന്ന് രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രമാണ് നേടാനായത്. ഗോള്‍ ശരാശരിയാവട്ടെ മൈനസ് ഒന്ന് ആണ് താനും. ഒമാനെ തോല്‍പിച്ചിരുന്നെങ്കിലും ഗ്രൂപ്പിലെ നാലാമത്തെ ടീമിനെതിരായ പ്രകടനം യോഗ്യതാ മാനദണ്ഡമായി കണക്കാക്കില്ല. നിലവില്‍ പത്ത് ടീമുകളില്‍ ഒന്‍പതാം സ്ഥാനത്താണ് ഇന്ത്യ.

ഗ്രൂപ്പ് ഇയിലെ നിര്‍ണാക പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ കിര്‍ഗിസ്താനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 4-2. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിച്ചതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. രണ്ട് പെനാല്‍റ്റി കിക്കുകള്‍ രക്ഷിച്ച ധീരജ് സിങ്ങാണ് ഇന്ത്യയുടെ ഹീറോ. കിര്‍ഗിസ്താന്‍ വ്യക്തമായ മേധാവിത്വം പുലര്‍ത്തിയ നിശ്ചിത സമയത്തും ഇന്ത്യയുടെ ആയുസ് കാത്തത് നിരവധി നിര്‍ണായക സേവുകള്‍ നടത്തിയ ധീരജ് തന്നെ.

ഷൂട്ടൗട്ടില്‍ ഇന്ത്യയ്ക്കുവേണ്ടി കെ.പി.രാഹുല്‍, രോഹിത്, സുരേഷ് എന്നിവര്‍ ലക്ഷ്യം കണ്ടു. ആശിഷിന്റെ കിക്ക് ഗോളി പിടിച്ചു. കിര്‍ഗിസ്താന്റെ ആദ്യ രണ്ട് കിക്കുകളാണ് ധീരജ് രക്ഷപ്പെടുത്തിയത്.

 

Top