മെൽബണ്‍∙ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ ജയം. ഇതോടെ 4 മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ ഓസ്ട്രേലിയയ്ക്കൊപ്പമെത്തി (1–1). രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ ഉയർത്തിയ 70 റൺസ് വിജയലക്ഷ്യം 15.5 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടമാക്കിയാണ് ഇന്ത്യ മറികടന്നത്. ക്യാപ്റ്റൻ അജിൻക്യ രഹാനെയും (40 പന്തില്‍ 27), ശുഭ്മാൻ ഗില്ലും (36 പന്തിൽ 35) മുന്നിൽ നിന്ന് നയിച്ചതോടെ നാലാം ദിവസം തന്നെ ജയം ഇന്ത്യ സ്വന്തമാക്കി. മായങ്ക് അഗർവാൾ (അഞ്ച്), ചേതേശ്വർ പൂജാര (മൂന്ന്) എന്നിവരുടെ വിക്കറ്റുകളാണു നഷ്ടമായത്.
ക്യാപ്റ്റൻ രഹാനെ തന്നെയാണ് കളിയിലെ താരം. ആദ്യ ഇന്നിങ്സിൽ രഹാനെ സെഞ്ചുറി തികച്ചിരുന്നു. ആറിന് 133 റൺസെന്ന നിലയിൽ നാലാം ദിനം കളി ആരംഭിച്ച ഓസീസിന് 67 റൺസ് കൂട്ടിച്ചേർക്കാൻ മാത്രമാണു സാധിച്ചത്. 200 റൺസിനാണു ഓസ്‌ട്രേലിയ പുറത്തായത്. 69 റൺസിന്റെ ലീഡ് മാത്രം. 146 പന്തിൽ 45 റൺസെടുത്ത കാമറൂൺ ഗ്രീനാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടമാക്കി ഇന്ത്യ വിജയ റൺസ് കുറിക്കുകയും ചെയ്തു. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 195 റൺസിന് പുറത്തായിരുന്നു. മറുപടിയായി ഇന്ത്യ 326 റൺസ് നേടുകയും ചെയ്തു.സ്‌കോര്‍: ഓസ്‌ട്രേലിയ -195, 200, ഇന്ത്യ- 326 , 70 എന്നിങ്ങനെയാണ്.