ഏഷ്യന്‍ ഗെയിംസില്‍ പത്താമത്തെ സ്വര്‍ണവുമായ് ഇന്ത്യ; മിന്നും താരങ്ങളായ് സൗരവ് ഘോഷാലും യുവതാരം അഭയ് സിങ്ങും

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ പത്താമത്തെ സ്വര്‍ണവുമായ് ഇന്ത്യ. പുരുഷന്മാരുടെ സ്‌ക്വാഷ് ഇനത്തില്‍ 2-1ന് പാകിസ്താനെ തോല്‍പ്പിച്ചാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ആദ്യ സെറ്റില്‍ പിന്നില്‍ നിന്ന ശേഷം ഇന്ത്യ ശക്തമായി തിരിച്ചുവരികയായിരുന്നു. വെറ്ററന്‍ താരം സൗരവ് ഘോഷാലും യുവതാരം അഭയ് സിങ്ങുമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. ഗെയിംസിന്റെ ഏഴാം ദിനം ഇന്ത്യ നേടുന്ന രണ്ടാം സ്വര്‍ണമാണിത്. നേരത്തേ വനിതാ ടീം വെങ്കല മെഡല്‍ നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 36 ആയി. പത്ത് സ്വര്‍ണവും 13 വെള്ളിയും 13 വെങ്കലവും ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞു.

ഇന്ത്യയുടെ മഹേഷ് മങ്കോങ്കറും പാകിസ്താന്റെ ഇക്ബാല്‍ നസീറുമാണ് ആദ്യം ഏറ്റുമുട്ടിയത്. പാക് താരത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. ആദ്യ ഗെയിമില്‍ ഇന്ത്യന്‍ താരം പൊരുതിനോക്കിയെങ്കിലും വിജയിച്ചില്ല. പിന്നീട് അനായാസം മഹേഷിനെ മറികടന്ന് ഇക്ബാല്‍ പാകിസ്താനെ മുന്നിലെത്തിച്ചു. സ്‌കോര്‍ 8-11, 3-11, 2-11. രണ്ടാം പോരാട്ടത്തില്‍ ഇന്ത്യയുടെ സൗരവ് ഘോഷാല്‍ പാകിസ്താന് തിരിച്ചടിച്ചു. നേരിട്ടുള്ള ഗെയിമുകള്‍ക്ക് പാക് താരം മുഹമ്മദ് അസീം ഖാനെ ഇന്ത്യന്‍ താരം പരാജയപ്പെടുത്തി. 11-5, 11-1, 11-3 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം. ഇതോടെ മൂന്നാം അങ്കത്തിന് വാശിയേറി. അഭയ് സിംഗ് ഇന്ത്യയ്ക്കുവേണ്ടിയും സമാന്‍ പാക് ജഴ്‌സിയിലും കളത്തിലെത്തി.

കടുത്ത പോരാട്ടത്തിനൊടുവില്‍ ആദ്യ ഗെയിം 11-7ന് ഇന്ത്യ വിജയിച്ചു. രണ്ടാം ഗെയിമില്‍ ഇരുതാരങ്ങളും സമനിലയില്‍ മുന്നേറി. എന്നാല്‍ നേരിയ ലീഡ് പാക് താരത്തിന് ഗുണമായി. അവസാന നിമിഷം 11-9ന് പാക് താരം ജയിച്ചു. മൂന്നാം ഗെയിമിലും മത്സരം കടുപ്പമായിരുന്നു. ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറി. ഒരു ഘട്ടത്തില്‍ 7-5ന് ഇന്ത്യന്‍ താരം മുന്നിലെത്തി. പക്ഷേ ലീഡ് മുതലാക്കാന്‍ കഴിഞ്ഞില്ല. പാക് താരം ശക്തമായി തിരിച്ചടിച്ചതോടെ 8-11ന് ഗെയിം സ്വന്തമാക്കി. ശക്തമായ പോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ 12-10ന് ഇന്ത്യ വിജയം സ്വന്തമാക്കി. അവസാനം വരെ പോരാടിയ അഭയ് സിംഗ് ഇന്ത്യയുടെ മിന്നും താരമായ് മാറി.

Top