ഏഷ്യന്‍ ഗെയിംസില്‍ സ്‌ക്വാഷ് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ ലഭിച്ചു

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിലെ 11-ാം ദിനത്തിലും മെഡല്‍ വേട്ട തുടര്‍ന്ന് ഇന്ത്യ. സ്‌ക്വാഷ് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ ലഭിച്ചു. ഇന്ത്യയുടെ കൗമാരതാരം അനാഹത് സിങ് മെഡല്‍ പട്ടികയില്‍ ഇടം നേടിയപ്പോള്‍ അഭയ് സിങായിരുന്നു വിജയത്തിലെ പങ്കാളി. 15കാരിയാണ് അനാഹത്. മിക്സഡ് ഡബിള്‍സ് സെമിയില്‍ മലേഷ്യയോട് 1-2ന് ഇന്ത്യന്‍ താരങ്ങള്‍ കീഴടങ്ങുകയായിരുന്നു.

ഇന്ത്യ പൊരുതിയെങ്കിലും ആദ്യ ഗെയിം ഹോങ്കോങ് സ്വന്തമാക്കുകയായിരുന്നു. 5-8ന് പിറകില്‍ നിന്ന ശേഷം തിരിച്ചുവന്ന് സ്‌കോര്‍ 7-8 വരെയാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നെങ്കിലും ഹോങ്കോങ് താരങ്ങള്‍ ഓപ്പണിങ് ഗെയിം പിടിച്ചെടുത്തു. അടുത്ത രണ്ട് ഗെയിമുകളും നേടാന്‍ ഇന്ത്യ പിന്നീട് പൊരുതിക്കളിച്ചു. സമനിലയാവുമെന്ന് തോന്നിച്ച അവസാനത്തെ ഗെയിം സന്ധുവിന്റെ മികച്ച പ്രകടനം കൊണ്ട് ഇന്ത്യ സ്വന്തമാക്കുകയും ഫൈനലിലേക്ക് എത്തുകയും ചെയ്തു.

അതേസമയം സ്‌ക്വാഷ് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ മറ്റൊരു സഖ്യം മെഡലുറപ്പിച്ചു. മലയാളി താരം ദീപിക പള്ളിക്കല്‍-ഹരീന്ദര്‍ പല്‍ സന്ധു സഖ്യമാണ് ഫൈനലിലെത്തിയത്.ക്വാര്‍ട്ടറില്‍ ഹോങ്കോങ്ങിനെ 2-1ന് തകര്‍ത്താണ് ഇന്ത്യന്‍ സഖ്യം ഫൈനലിലെത്തിയത്. ഹോങ്കോങ്ങിന്റെ ലീ യ കി-വോങ് ചി ഹിം എന്നിവരടങ്ങിയ സഖ്യമാണ് ഇന്ത്യയോട് പരാജയപ്പെട്ടത്. 38 മിനിറ്റില്‍ 7-11, 11-7, 11-9 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ വിജയം.

 

 

Top