ലോര്‍ഡ്സ്: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനോട് പൊരുതി തോറ്റ് ഇന്ത്യ.
കാണികളെ മുള്‍മുനയില്‍ നിര്‍ത്തുന്ന പോരാട്ടം ആണ് ഇരു ടീമുകളും ആദ്യമുതല്‍ അവസാനം വരെ കാഴ്ച വെച്ചത്. വിജയിക്കാന്‍ ഏറെ സാധ്യത ഉണ്ടായിട്ടും പടിക്കല്‍ കലം ഉടച്ച ഇന്ത്യന്‍ പെണ്‍പട ആരാധകരെ നിരാശയിലാഴ്ത്തി.
വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഇത് നാലാം ജയമാണ്. സ്കോർ: ഇംഗ്ലണ്ട്-228/7 (50), ഇന്ത്യ: 219 (48.4)
ഇംഗ്ലണ്ട് മുന്നോട്ട് വെച്ച 229 റണ്‍സ് വിജയലക്ഷ്യവുമായി കളിക്കാനിറങ്ങിയ ഇന്ത്യക്ക് 48.4 ഓവറില്‍ 219 റണ്‍സ് മാത്രമേ എടുക്കാന്‍ സാധിച്ചുള്ളു.
ഇന്ത്യയ്ക്ക് 196 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഓപ്പണര്‍ സ്മൃതി മന്ദന, ക്യാപ്റ്റന്‍ മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍, പൂനം റാവത്ത്, സുഷമ വര്‍മ എന്നിവരാണ് പുറത്തായത്.
ടീം സ്കോര്‍ അഞ്ച് റണ്‍സില്‍ നില്‍ക്കെ റണ്ണൊന്നുമെടുക്കാത്ത ഓപ്പണര്‍ സ്മൃതി മന്ദനയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നാലു പന്ത് മാത്രം നേരിട്ട, ഇന്ത്യയുടെ വലിയ പ്രതീക്ഷയായിരുന്ന സ്മൃതിയെ അന്യ ശ്രുബ്ഷോലെ ബൗള്‍ഡാക്കുകയായിരുന്നു. ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന ക്യാപ്റ്റന്‍ മിതാലി 31 പന്തില്‍ നിന്ന് 17 റണ്‍സെടുത്താണ് പുറത്തായത്. അലക്ഷ്യമായ ഓട്ടത്തിനൊടുവില്‍ റണ്ണൗട്ടാവുകയായിരുന്നു ഇന്ത്യന്‍ നായിക.
എന്നാല്‍, ഇതിനുശേഷം ഒന്നിച്ചു ചേര്‍ന്ന പൂനം റാവത്തും ഹര്‍മന്‍പ്രീത് കൗറും മെല്ലെ ടീമിനെ കരകയറ്റാന്‍ ശ്രമിക്കുകയാണ്. ഇരുവരും ചേര്‍ന്നാണ് ടീമിനെ നൂറ് റണ്‍സ് കടത്തിയത്. എന്നാല്‍, മുപ്പത്തിനാലാം ഓവറില്‍ ഹര്‍മന്‍പ്രീത് കൗറിന്റെ വിക്കറ്റ് നഷ്ടമായത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി. 80 പന്തില്‍ നിന്ന് 51 റണ്‍സാണ് കൗര്‍ നേടിയത്. മൂന്നാം വിക്കറ്റില്‍ 95 റണ്‍സ് ചേര്‍ത്താണ് ഹാര്‍ട് ലിയുടെ പന്തില്‍ ബ്യൂമോണ്ടിന് ഒരു അനായാസ ക്യാച്ച് നല്കി കൗര്‍ മടങ്ങിയത്. കൂട്ടുകാരി വിക്കറ്റ് കളഞ്ഞ് മടങ്ങുമ്പോള്‍ 87 പന്തില്‍ നിന്ന് 63 റണ്‍സെടുത്തുനില്‍ക്കുകയാണ് ഓപ്പണര്‍ റാവത്ത്.
പൂനം റാവത്തും വേദ കൃഷ്ണമൂര്‍ത്തിയും കൂട്ടുചേര്‍ന്നതോടെയാണ് ഇന്ത്യ വിജയത്തിലേക്ക് നീങ്ങിയത്. എന്നാല്‍, 86 റണ്‍സില്‍ എത്തിയ റാവത്ത് പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. അടുത്ത ഓവറില്‍ സുഷമ വര്‍മ കൂടി മടങ്ങിയതോടെ ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീണു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് അമ്പതോവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് മാത്രമാണ് നേടാനായത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച മുന്‍ ചാമ്പ്യന്മാര്ക്ക് ഇന്ത്യയുടെ കണിശതയാര്‍ന്ന ബൗളിങ്ങിന് മുന്നില്‍ കാര്യമായി പിടിച്ചുനില്‍ക്കാനായില്ല.