ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ ഇറാനെ തകര്‍ത്ത് എട്ടാം കിരീടവുമായി ഇന്ത്യ

ദക്ഷിണ കൊറിയ: 2023-ലെ ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയ്ക്ക്. ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. വെള്ളിയാഴ്ച നടന്ന ഫൈനലില്‍ ഇറാനെ (42-32) തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്. ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ഒമ്പത് പതിപ്പുകളില്‍ ഇന്ത്യയുടെ എട്ടാം കിരീടമാണിത്.

സൂപ്പര്‍ 10 നേടിക്കൊണ്ട് ക്യാപ്റ്റന്‍ പവന്‍ സെഹ്രാവത്താണ് ഇറാനെതിരെ ഇന്ത്യയെ മുന്നില്‍ നിന്നും നയിച്ചത്. മത്സരത്തിന്റെ ആദ്യ അഞ്ച് മിനിറ്റില്‍ ഇറാനായിരുന്നു ആധിപത്യം. എന്നാല്‍ മത്സരത്തിലേക്ക് തിരിച്ചുവന്ന ഇന്ത്യ 10-ാം മിനിറ്റില്‍ ഇറാനെ ഓള്‍ഔട്ടാക്കി. ടാക്കിള്‍ പോയന്റുകള്‍ നേടിയ ഇന്ത്യന്‍ പ്രതിരോധത്തിന്റെ മികവും പവന്‍ സെഹ്രാവത്തിന്റെയും അസ്ലം ഇനാംദറിന്റെയും വിജയകരമായ റെയ്ഡുകളുമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. 19-ാം മിനിട്ടില്‍ ഇറാനെ വീണ്ടും ഇന്ത്യ ഓള്‍ഔട്ടാക്കി. ആദ്യ പകുതിയില്‍ 23-11 എന്ന സ്‌കോറിന് മുന്നിലായിരുന്നു ഇന്ത്യ.

ഇന്ത്യയേയും ഇറാനേയും കൂടാതെ ജപ്പാന്‍, കൊറിയ, ചൈനീസ് തായ്പേയ്, ഹോങ് കോങ് എന്നീ ആറ് ടീമുകളാണ് ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചിരുന്നത്. റൗണ്ട് റോബിന്‍ രീതിയില്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തിനു ശേഷം ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവരാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന മത്സരത്തിലും ഇന്ത്യ, ഇറാനെ പരാജയപ്പെടുത്തിയിരുന്നു.

Top