ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ അവസാന ടി-20 മത്സരത്തില്‍ ഇന്ത്യക്ക് ജയം. ആറ് റണ്‍സിന് ഓസീസിനെ വീഴ്ത്തിയ ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 4-1ന് സ്വന്തമാക്കി. 54 റണ്‍സ് നേടിയ ബെന്‍ മക്ഡര്‍മോര്‍ട്ട് ഓസ്‌ട്രേലിയയുടെ ടോപ്പ് സ്‌കോറര്‍ ആയപ്പോള്‍ ഇന്ത്യക്കായി മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ചിന്നസ്വാമി സ്റ്റേഡിയത്തിലെ പതിവ് പിച്ചല്ല ഇന്ന് കണ്ടത്. കളിക്ക് മുന്‍പ് പെയ്ത മഴയില്‍ പിച്ച് സ്ലോ ആയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിയര്‍ത്തു. മികച്ച തുടക്കത്തിനു ശേഷം യശസ്വി ജയ്‌സ്വാളും (15 പന്തില്‍ 21) ഋതുരാജ് ഗെയ്ക്വാദും (10) തുടര്‍ച്ചയായ ഓവറുകളില്‍ വീണു. സൂര്യകുമാര്‍ യാദവ് (5), റിങ്കു സിംഗ് (6) എന്നിവര്‍ കൂടി വേഗം മടങ്ങിയതോടെ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സ് എന്ന നിലയിലേക്ക് വീണു.
അഞ്ചാം വിക്കറ്റില്‍ ശ്രേയാസ് അയ്യരും ജിതേഷ് ശര്‍മ്മയും ചേര്‍ന്ന കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. തുടക്കം മുതല്‍ ആക്രമിച്ചുകളിച്ച ജിതേഷ് ഇന്ത്യയുടെ റണ്‍നിരക്ക് താഴാതെ കാത്തു. 42 റണ്‍സ് നീണ്ട കൂട്ടുകെട്ടിനൊടുവില്‍ ജിതേഷ് (16 പന്തില്‍ 24) മടങ്ങി. ജിതേഷ് മടങ്ങിയതോടെ സ്‌കോറിംഗ് ചുമതല ഏറ്റെടുത്ത ശ്രേയാസിനൊപ്പം അക്‌സര്‍ പട്ടേലും ബൗണ്ടറികള്‍ കണ്ടെത്തിയതോടെ ഇന്ത്യ മാന്യമായ സ്‌കോറിലേക്ക് നീങ്ങി. 19ആം ഓവറില്‍ 21 പന്തില്‍ 31 റണ്‍സെടുത്ത് പുറത്താവുമ്പോള്‍ ശ്രേയാസുമൊത്ത് ആറാം വിക്കറ്റില്‍ 46 റണ്‍സിന്റെ കൂട്ടുകെട്ടിലാണ് അക്‌സര്‍ പങ്കാളി ആയത്. അവസാന ഓവറില്‍ ശ്രേയാസ് ഫിഫ്റ്റി തികച്ചു. 36 പന്തില്‍ നിന്നായിരുന്നു അര്‍ദ്ധസെഞ്ചുറി. അടുത്ത പന്തില്‍, 53 റണ്‍സെടുത്ത താരം പുറത്താവുകയും ചെയ്തു.
മറുപടി ബാറ്റിംഗില്‍ ജോഷ് ഫിലിപ്പെയെ വേഗം നഷ്ടമായെങ്കിലും ട്രാവിസ് ഹെഡ് ഓസീസിന് മികച്ച തുടക്കം നല്‍കി. 18 പന്തില്‍ 28 റണ്‍സ് നേടിയ ഹെഡിനെ അഞ്ചാം ഓവറില്‍ രവി ബിഷ്‌ണോയ് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ട ഓസീസിനായി മക്ഡര്‍മോര്‍ട്ട് പൊരുതിയെങ്കിലും ലക്ഷ്യം ഭേദിക്കാനായില്ല. ബാറ്റിംഗിലും തിളങ്ങി 4 ഓവറില്‍ വെറും 14 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ അക്‌സര്‍ പട്ടേല്‍ ആണ് കളിയിലെ താരം.